Sub Lead

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികള്‍

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികള്‍
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയിലെ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.

ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുകയാണന്നും വ്യാപാരികളുടെ സഹകരണം തേടുന്നതില്‍ കൗണ്‍സില്‍ ഒരു വിധത്തിലുള്ള താല്‍പര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരില്‍ ആരംഭിച്ച ചരക്കുസേവനനികുതിയില്‍ നിരവധി അപാകതകള്‍ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗണ്‍സില്‍ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

ജിഎസ്ടി കൗണ്‍സിലിന്റെ ഇതുവരെയുള്ള ഏക ലക്ഷ്യം ഇന്ത്യയിലെ വ്യാപാരത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ കൂടുതല്‍ വരുമാനം എങ്ങനെ നേടാമെന്ന് മാത്രമാണ്. രാജ്യത്തെ വ്യാപാരരംഗത്തെ യാഥാര്‍ത്യങ്ങള്‍ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗണ്‍സില്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കുറ്റപ്പെടുത്തി. എന്നാല്‍ സിഎടിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളോട് ജിഎസ്ടി കൗണ്‍സില്‍ പ്രതികരിച്ചിട്ടില്ല.




Next Story

RELATED STORIES

Share it