Sub Lead

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്; സുപ്രീം കോടതിക്ക് പുറത്ത് കനത്ത പ്രതിഷേധം, നിരോധനാജ്ഞ

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്; സുപ്രീം കോടതിക്ക് പുറത്ത് കനത്ത പ്രതിഷേധം, നിരോധനാജ്ഞ
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിക്കെതിരായ ലൈംഗികാരോപണ പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളിയതിനെതിരെ കോടതിക്ക് പുറത്ത് വന്‍ പ്രതിഷേധം. വനിതാ അഭിഭാഷകരും ചില സന്നദ്ധ സംഘടനകളിലെ വനിതകളും കോടതിക്ക് പുറത്ത് പ്ലക്കാര്‍ഡുകളേന്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. 55ലധികം പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. അസാധാരാണ സംഭവങ്ങളെ തുടര്‍ന്ന് സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോടതിക്ക് പുറത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. ഐഡ്‌വ ഉള്‍പ്പടെയുള്ള വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി. പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് മൂന്നംഗ അന്വേഷണ കമ്മിറ്റി പരാതി തള്ളിയത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ കമ്മിറ്റിയില്‍ വനിതാ ജഡ്ജിമാരായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുമുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കഴിഞ്ഞ ബുധനാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയത് തന്നെ അതിയായി വേദനിപ്പിച്ചെന്നും ദുഃഖിതയാണെന്നും പരാതിക്കാരി പ്രതികരിച്ചു. എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടും സമിതി തനിക്ക് നീതി നേടി തരാത്തതില്‍ ഭയമുണ്ടെന്നും താനും കുടുംബവും അനുഭവിച്ച അപമാനവും തന്നെ വേദനിപ്പിച്ചെന്നും അവര്‍ പറഞ്ഞു.തന്റെ പേടി ശരിയായെന്നും പരമോന്നത കോടതിയിലുണ്ടായ പ്രതീക്ഷകള്‍ തകര്‍ന്നെന്നും പരാതിക്കാരി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ കോപ്പി തന്നില്ലെന്നും ഇതോടെ എന്തുകൊണ്ട് തന്റെ പരാതി തള്ളിയതെന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് പരാതിക്കാരി നേരത്തെ തന്നെ അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. പരാതിക്കാരി പിന്മാറിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ മൂന്നംഗ സമിതി തീരുമാനിക്കുകയായിരുന്നു. തനിക്കൊപ്പം ഒരു സഹായിയെയോ അഭിഭാഷകനെയോ അനുവദിക്കാന്‍ അന്വേഷണ സമിതിയിലെ അംഗങ്ങള്‍ വിസമ്മതിച്ചതാണ് അന്വേഷണവുമായി സഹകരിക്കില്ലെന്ന നിലപാടിലേക്ക് പരാതിക്കാരിയെ എത്തിച്ചത്. അന്വേഷണ സമിതി ഇതിനെ ലൈംഗിക ആരോപണ കേസായി കാണാതെ സാധാരണ കേസായി പരിഗണിക്കുന്നു എന്ന വിമര്‍ശനവും പരാതിക്കാരി ഉയര്‍ത്തിയിരുന്നു.



Next Story

RELATED STORIES

Share it