Big stories

ബിഹാര്‍ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ആര്‍ജെഡി

ബിജെപി വിരുദ്ധ സഖ്യത്തിനു തടസ്സമുണ്ടാക്കി, തനിച്ച് മല്‍സരിക്കുമെന്ന് ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങി, രാഹുലും പ്രിയങ്കയും രാജകുമാരനെയും രാജകുമാരിയെയും പോലെ

ബിഹാര്‍ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ആര്‍ജെഡി
X

ന്യൂഡല്‍ഹി: നേരിയ സീറ്റുകള്‍ക്ക് ഭരണം നഷ്ടപ്പെട്ട ബിഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ആര്‍ജെഡി. ബിജെപി വിരുദ്ധ സഖ്യത്തിനു കോണ്‍ഗ്രസ് തടസ്സം നിന്നെന്നും മഹാസഖ്യം വിടുമെന്ന് ഭീഷണിപ്പെടുത്തി തേജസ്വി യാദവില്‍നിന്ന് 70 സീറ്റുകള്‍ വാങ്ങിയെന്നും ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാംഗവുമായ ശിവാനന്ദ് തിവാരി പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി കോണ്‍ഗ്രസിനെതിരേ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിനു മുമ്പ തന്ന, മാന്യമായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും തനിച്ച് മല്‍സരിക്കുമെന്നും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയോ മറ്റോ ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തിയതായി ആര്‍ജെഡി സ്‌ക്രീനിങ് കമ്മിറ്റി പ്രസിഡന്റ് അവിനാഥ് പാണ്ഡെ ആരോപിച്ചിരുന്നു. 2015ല്‍ കോണ്‍ഗ്രസ് 41 സീറ്റുകളില്‍ മല്‍സരിച്ച് 27 സീറ്റുകളിലാണ് ജയിച്ചത്.

സീറ്റ് വാങ്ങിയിട്ടുപോലും കോണ്‍ഗ്രസിന് മല്‍സരിക്കാന്‍ മികച്ച സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ജനപിന്തുണയില്ലാത്തവര്‍ ഉള്‍പ്പെടെയാണ് മല്‍സരിച്ചത്. 42 റാലികള്‍ മാത്രമാണ് കോണ്‍ഗ്രസ് നടത്തിയത്. രാഹുല്‍ ഗാന്ധി രണ്ടു മൂന്നുതവണ എത്തിയെങ്കിലും രണ്ടു റാലികള്‍ മാത്രമാണ് നടത്തിയത്. അദ്ദേഹത്തേക്കാള്‍ പ്രായമുള്ള പ്രധാനമന്ത്രി നാല് റാലി നടത്തി. പ്രിയങ്കാ ഗാന്ധിയാവട്ടെ സംസ്ഥാനത്തേക്ക് വന്നിട്ടു പോലുമില്ല. ഇരുവരും രാജകുമാരനെയും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. രാജ്യം ഉറ്റുനോക്കിയ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മാത്രം പ്രാധാന്യം പിടികിട്ടിയില്ല. അതിനാലാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷിംലയിലെ പ്രിയങ്കയുടെ പുതിയ വീട്ടിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തേജസ്വി യാദവിന്റെ ശ്രമങ്ങളെല്ലാം തകര്‍ത്തത് കോണ്‍ഗ്രസാണെന്നു അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ചെയ്തത് ഇതുപോലെയാണ്. പക്ഷേ, അഖിലേഷ് യാദവ് കൂടുതല്‍ സീറ്റ് നല്‍കാന്‍ തയ്യാറില്ലാത്തതിനാല്‍ സഖ്യമുണ്ടായില്ല. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനോടും സഖ്യമുണ്ടാവാതിരുന്നത് സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ടതിനാലാണ്. കോണ്‍ഗ്രസിന് സീറ്റ് മാത്രം മതി. ജയം വേണമെന്നില്ല. ബിജെപി വിരുദ്ധ മഹാ സഖ്യമോ ചേരിയോ ഉണ്ടാവുന്നതിന് കോണ്‍ഗ്രസാണ് തടസ്സം. അവരുടെ നിലപാട് കാരണമാണ് ബിഹാറിലെ പ്രധാന പാര്‍ട്ടികളായ വിഐപിയെയും എച്ച്എഎമ്മിനെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.

Congress 'threatens' to leave Grand Alliance if not given seats in Bihar polls

Next Story

RELATED STORIES

Share it