Big stories

കൊറോണ: രാജ്യത്തിന് ഒമ്പതുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഠനം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാപ്രവര്‍ത്തനങ്ങളും നിലച്ചു. ഉത്പാദനമേഖല പൂര്‍ണമായി സ്തംഭിച്ചു.

കൊറോണ: രാജ്യത്തിന് ഒമ്പതുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഠനം
X

മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ 'അടച്ചിടല്‍' ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്സ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലു ശതമാനമാണിത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാപ്രവര്‍ത്തനങ്ങളും നിലച്ചു. ഉത്പാദനമേഖല പൂര്‍ണമായി സ്തംഭിച്ചു. ചരക്കുനീക്കം നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും ട്രക്കുകള്‍ പലസ്ഥലത്തായി കെട്ടിക്കിടക്കുന്നു. ഈ സാഹചര്യത്തില്‍ മിക്ക ഗവേഷണ ഏജന്‍സികളും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ചു. 2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുന്‍ അനുമാനത്തില്‍നിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്ന് ബാര്‍ക്ലേയ്സ് പറയുന്നു. 3.5 ശതമാനമായി ജിഡിപി വളര്‍ച്ച കുറയുമെന്നാണ് കമ്പനിയുടെ പുതിയ റിപോര്‍ട്ട്.

റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ അവലോകന യോഗം അടുത്തയാഴ്ചയാണ് നടക്കുന്നത്. മാര്‍ച്ച് 30നു തുടങ്ങി ഏപ്രില്‍ മൂന്നുവരെയാണ് യോഗം. യോഗത്തില്‍ അടിസ്ഥാന നിരക്ക് 0.65 ശതമാനം വരെ കുറച്ചേക്കുമെന്ന് ബാര്‍ക്ലേയ്സ് പറയുന്നു. ഈ വര്‍ഷം പലിശ നിരക്കില്‍ ആകെ ഒരു ശതമാനംവരെ കുറവുണ്ടായേക്കാമെന്നും ഏജന്‍സി പറഞ്ഞുവെക്കുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ധനക്കമ്മി സര്‍ക്കാര്‍ കണക്കുകളെ മറികടന്നേക്കും. പൊതുമേഖലാ ആസ്തിവില്‍പ്പന നടപടികള്‍ പ്രതീക്ഷിച്ചപോലെ പൂര്‍ത്തിയാക്കാനാകില്ല. എയര്‍ ഇന്ത്യയുടെയും ബിപിസിഎലിന്റെയും വില്‍പന നീട്ടിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. ഈ സാഹചര്യത്തില്‍ അടുത്ത സാമ്പത്തികവര്‍ഷം ധനക്കമ്മി 3.5 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാകില്ല. ഇത് ജിഡിപിയുടെ അഞ്ചുശതമാനം വരെയായേക്കുമെന്നാണ് വിവിധ ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിന് മൂന്നാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നുമായിട്ടില്ല. ഓഹരി വിപണി കുത്തനെ ഇടിഞ്ഞു കിടക്കുന്നു. ഏകദേശം 52 ലക്ഷം കോടി രൂപയ്ക്കടുത്താണ് വിപണിമൂല്യത്തില്‍ കുറവുണ്ടായത്. നിലവിലെ സാഹചര്യങ്ങള്‍ മറികടക്കാന്‍ അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it