Sub Lead

ഗംഗാ സംരക്ഷണ നിരാഹാരം; സന്യാസിയെ അനുനയിപ്പിക്കാന്‍ കേന്ദ്രനീക്കം

മേയ് 15 വരെ താന്‍ വെള്ളം കുടിക്കുന്നത് തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം. പ്രധാന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനുള്ളില്‍ കഴിയുമെന്നതിനാലാണ് അവര്‍ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്നും സന്യാസി പറഞ്ഞു.

ഗംഗാ സംരക്ഷണ നിരാഹാരം; സന്യാസിയെ അനുനയിപ്പിക്കാന്‍ കേന്ദ്രനീക്കം
X

ന്യൂഡല്‍ഹി: ഗംഗാ നദിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന മലയാളി സന്യാസി ആത്മബോധാനന്ദയെ അനുനയിപ്പിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത് മലയാളി ബ്യൂറോക്രാറ്റ് ജി അശോക് കുമാറിനെ. മലിനീകരണത്തില്‍ നിന്നും അനധികൃത ഖനനത്തില്‍ നിന്നും ഗംഗയെ മുക്തമാക്കണമെന്ന ആവശ്യവുമായി 182 ദിവസങ്ങളായി ആത്മബോധാനന്ദ് നിരാഹാരമിരിക്കുകയാണ്.



ഏപ്രില്‍ 27 മുതല്‍ കുടിവെള്ളം കൂടി ഉപേക്ഷിക്കുമെന്ന് നേരത്തേ ആത്മബോധാനന്ദ് അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് അനുനയ നീക്കം നടന്നത്. മേയ് 15 വരെ താന്‍ വെള്ളം കുടിക്കുന്നത് തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം. പ്രധാന സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് ഇതിനുള്ളില്‍ കഴിയുമെന്നതിനാലാണ് അവര്‍ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്നും സന്യാസി പറഞ്ഞു. ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മേയ് 2 വരെ വെള്ളം കുടിക്കുന്നത് തുടരുമെന്ന് ആത്മബോധാനന്ദ് ഉറപ്പുനല്‍കിയിട്ടുണ്ട്. ആത്മബോധാനന്ദും ജി അശോക് കുമാറും ആലപ്പുഴ സ്വദേശികളാണ്.

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് പ്രധാന ഹൈഡ്രോപവര്‍ പ്ലാന്റ്‌സ് കേന്ദ്രസര്‍ക്കാര്‍ ആറുദിവസത്തിനുള്ളില്‍ നിര്‍ത്തലാക്കണമെന്നാണ് ആത്മബോധാനന്ദയുടെ ആവശ്യം. പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തലാക്കിക്കൊണ്ടുള്ള പേപ്പര്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ മേയ് 15 ന് ശേഷം നല്‍കുമെന്ന് അശോക് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഗംഗ ശുചീകരണത്തിനു വേണ്ടി പൊതുജനങ്ങളില്‍ നിന്നും മറ്റുമായി സ്വരൂപിച്ച ഫണ്ടില്‍ നിന്ന് 80 ശതമാനത്തിലേറെ തുകയും നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് 'ദ വയര്‍' ശേഖരിച്ച കണക്കുകളിലാണ്, ബിജെപി സര്‍ക്കാരിന്റെ ഗംഗാ സ്‌നേഹം പൊള്ളയാണെന്നു വെളിപ്പെടുത്തുന്നത്. 2014 സപ്തംബറിലാണ് കേന്ദ്ര മന്ത്രിസഭ ഗംഗ ശുചീകരണ ഫണ്ട്(സിഎഫ്ജി) രൂപീകരിച്ചത്. പൊതുജനങ്ങളില്‍ നിന്നും വിദേശ ഇന്ത്യക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഫണ്ട് സ്വരൂപിക്കാനായിരുന്നു തീരുമാനം.

2015 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന ഫണ്ട് ശേഖരണത്തില്‍ 2018 ഡിസംബര്‍ വരെ ആകെ 243.27 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ നിന്ന് ഗംഗ നദി ശുചീകരിക്കാന്‍ ഉപയോഗിച്ചത് വെറും 45.26 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ ലഭിച്ച തുകയുടെ 18 ശതമാനം മാത്രമാണിത്. ദേശീയ ഗംഗാ ശുചീകരണ ദൗത്യ(എന്‍എംസിജി)വുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ടിലും ചെറിയ തുകയാണ് ചെലവഴിച്ചതെന്ന് കുറ്റപ്പെടുത്തുന്നുണ്ട്.



ഗംഗാ ശുചീകരണത്തിനു കൂടുതല്‍ തുക ഉപയോഗിക്കുന്ന വിധത്തില്‍ പ്ലാന്‍ തയ്യാറാക്കണമെന്നും 18 ശതമാനം മാത്രം ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണ് സിജിഎഫ് നിയന്ത്രിക്കുന്നത്. ധനകാര്യം, സാമ്പത്തിക കാര്യം, ജല വകുപ്പ്, നദി ശുചീകരണവും ഗംഗ പുനരുജ്ജീവനവും, പരിസ്ഥിതിവനംകാലാവസ്ഥ, വിദേശകാര്യ വകുപ്പുകളിലെ തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരും സിഇഒമാരും ഉള്‍പ്പെട്ടതാണ് എന്‍എംസിജി. ശുചീകരണത്തിനു തുക ചെലവഴിച്ചില്ലെന്നു മാത്രമല്ല, ട്രസ്റ്റിമാരുടെ യോഗം വിളിക്കാന്‍ പോലും മെനക്കെട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

മോദി സര്‍ക്കാര്‍ വന്‍ പ്രാധാന്യത്തോടെ നടപ്പാക്കിയ ഗംഗ ശുചീകരണ പദ്ധതിക്ക് തുകയുണ്ടായിട്ടും ചെലവാക്കിയില്ലെന്നത് മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലും മറ്റും ബിജെപിക്ക് തിരിച്ചടിയാവുമെന്നാണു കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it