Sub Lead

സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുത്; ഇഡിക്കെതിരേ കേരളം സുപ്രിംകോടതിയൽ

കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹരജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുത്; ഇഡിക്കെതിരേ കേരളം സുപ്രിംകോടതിയൽ
X

ന്യൂഡൽഹി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരേ കേരളം സുപ്രിംകോടതിയെ സമീപിച്ചു. ഇ ഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തിൽ വിപരീതമായ ഫലം ഉണ്ടാക്കുമെന്ന് കേരളം കോടതിയെ അറിയിച്ചു.

അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടുമെന്ന സാങ്കൽപ്പിക ആശങ്കയാണ് ഇഡിയുടേത്. കേസിൽ കക്ഷികൾ ആകാതെയാണ് ഉന്നത രാഷ്ട്രീയ പദവികൾ വഹിക്കുന്നവർക്കെതിരേ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഹരജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് തൊട്ട് പിന്നാലെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും, പോലിസും, ജയിൽ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രിംകോടതിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷനിൽ ഇഡി കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ ഇഡിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. വിചാരണ മാറ്റാൻ തക്കതായ കാരണങ്ങൾ ബോധിപ്പിക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലിസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾ അംഗീകരിച്ചാൽ പോലും അത് വിചാരണ നടപടികൾ ബംഗളൂരുവിലേക്ക് മാറ്റാൻ തക്കതായ കാരണമല്ലെന്നും സംസ്ഥാന സർക്കാർ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it