Sub Lead

ട്രംപിനു നേര്‍ക്കുള്ള ഗ്രേറ്റ തുംബര്‍ഗിന്റെ തുറിച്ചു നോട്ടവും വൈറല്‍

ട്രംപിനു നേര്‍ക്കുള്ള ഗ്രേറ്റ തുംബര്‍ഗിന്റെ തുറിച്ചു നോട്ടവും വൈറല്‍
X

ന്യൂയോര്‍ക്ക്: യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ സംരക്ഷണത്തിനായി പ്രസംഗിച്ച് ശ്രദ്ധയാകര്‍ഷിച്ച 16കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. ഉച്ചകോടിക്ക് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ ഗ്രേറ്റ തുംബര്‍ഗ് അമര്‍ഷത്തോടെ കടുപ്പിച്ച് നോക്കിയതാണ് ചര്‍ച്ചയാവുന്നത്.

ഉച്ചകോടിക്കായി ന്യൂയോര്‍ക്കിലെത്തിയ ഡൊണാള്‍ഡ് ട്രംപ് എതാനും മിനിറ്റുകള്‍ മാത്രമേ സമ്മേളന വേദിയില്‍ ചെലവഴിച്ചുള്ളു. ഇതിനിടെ ട്രംപ് വേദിയിലേക്ക് കടന്നു വരുമ്പോള്‍ പിന്നിലായി നിന്ന തുംബര്‍ഗിന്റെ അമര്‍ഷത്തോടെയുള്ള തുറിച്ചു നോട്ടമാണ് ചര്‍ച്ചയാവുന്നത്.

കാലാവസ്ഥാ ഉച്ചകോടിയില്‍ തന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് കാലാവസ്ഥാ സംരക്ഷണത്തിനായി പ്രസംഗിച്ച ഗ്രേറ്റ തുംബര്‍ഗ് നേരത്തെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം വലിയ തോതില്‍ അപകടത്തിലായിരിക്കുമ്പോള്‍ ലോക നേതാക്കള്‍ക്കെങ്ങനെ ഇതുപോലെ പെരുമാറാന്‍ കഴിയുന്നുവെന്നായിരുന്നു തുംബര്‍ഗിന്റെ ചോദ്യം. പണത്തെ കുറിച്ച് മാത്രമാണ് ലോക നേതാക്കള്‍ സംസാരിക്കുന്നത്. ഇതെല്ലാം തെറ്റാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം തടയാനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രതീക്ഷ തേടി നിങ്ങള്‍ കുട്ടികളായ ഞങ്ങളിലേക്ക് വരുന്നു. എങ്ങിനെ നിങ്ങള്‍ക്ക് ഇതിന് ധൈര്യം വരുന്നു. ഒന്നും തന്നെ ചെയ്യാതെ ഇവിടെ വന്ന് എല്ലാം നിര്‍വഹിച്ചെന്ന് അവകാശപ്പെടാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വരുന്നു. വിഷയത്തില്‍ കൃത്യമായ പരിഹാര മാര്‍ഗങ്ങളോ പദ്ധതികളോ മുന്നോട്ടുവെയ്ക്കാനില്ലെങ്കില്‍ നിങ്ങള്‍ അതിന് മാത്രം മുതിര്‍ന്നില്ലെന്നാണ് കരുതേണ്ടത്. നിങ്ങളുടെ ചതി പുതിയ തലമുറ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഭാവിതലമുറയുടെ കണ്ണുകള്‍ നിങ്ങളിലാണ്. പരാജയപ്പെടുത്താനാണ് ശ്രമമെങ്കില്‍ ഭാവിതലമുറ ക്ഷമിക്കില്ല. നിങ്ങളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു തുംബര്‍ഗിന്റെ വൈറലായ പ്രസംഗം.

ഇതിന് പിന്നാലെയാണ് ഗ്രേറ്റ തുംബര്‍ഗിന്റെ ട്രംപിന് നേരെയുള്ള തുറിച്ച് നോട്ടവും വൈറലാവുന്നത്.

Next Story

RELATED STORIES

Share it