Sub Lead

ഡോളോ വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി പാരിതോഷികം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

പനിക്ക് ഉപയോഗിക്കുന്ന ഡോളോ-650 കൂടുതലായി വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി രൂപയുടെ പാരിതോഷികമാണ് നിർമ്മാതാക്കൾ നൽകിയതെന്ന് ഉദാഹരണമായി ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഡോളോ വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി പാരിതോഷികം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
X

ന്യൂഡൽഹി: മരുന്ന് കുറിച്ച് നൽകുന്നതിന് ഡോക്ടർമാർക്ക് പാരിതോഷികം നൽകുന്നതിന്റെ ഉത്തരവാദി മരുന്നുനിർമ്മാണ കമ്പനികൾ ആണ് എന്ന് ഉത്തരവിടണമെന്ന പൊതുതാത്പര്യ ഹരജിയിൽ കേന്ദ്രസർക്കാരിനോട് പത്തുദിവസത്തിനകം മറുപടി നൽകാൻ സുപ്രിംകോടതി. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആന്റ് സെയിൽസ് റപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഹരജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവ സ്വഭാവമുള്ളതാണ്. കേൾക്കാൻ ഇത് സംഗീതം പോലെ സുഖം പകരുന്ന കാര്യമല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പനിക്ക് ഉപയോഗിക്കുന്ന ഡോളോ-650 കൂടുതലായി വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി രൂപയുടെ പാരിതോഷികമാണ് നിർമ്മാതാക്കൾ നൽകിയതെന്ന് ഉദാഹരണമായി ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. വാദത്തിനിടെയാണ് ഹരജിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചത്.

ഹരജിയിൽ പത്തുദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തോട് കോടതി നിർദേശിച്ചു. 'കേൾക്കാൻ സുഖം പകരുന്ന തരത്തിൽ ഇത് സംഗീതമല്ല. എനിക്ക് കൊവിഡ് വന്ന ഘട്ടത്തിൽ ഇതേ മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു. ഇത് ഗൗരവപ്പെട്ട വിഷയമാണ്'- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഡോളോ മരുന്ന് കുറിച്ച് നൽകുന്നതിന് വേണ്ടി കമ്പനി ആയിരം കോടി രൂപ നൽകിയതായി ഫെഡറേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് ആരോപിച്ചു. മരുന്നിന്റെ അമിത ഉപയോഗത്തിന് ഇത് കാരണമാകും എന്നതിന് പുറമേ രോഗിയുടെ ആരോഗ്യത്തെയും ഇത് അപകടത്തിലാക്കുമെന്നും ഹരജിയിൽ പറയുന്നു. ഇത്തരത്തിലുള്ള അഴിമതി ഉയർന്ന വില ചുമത്തുന്നതിനും വിപണിയിൽ യുക്തിക്ക് നിരക്കാത്ത വിധത്തിൽ മരുന്നിന്റെ വിൽപ്പനയ്ക്കും കാരണമാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. സുതാര്യത ഉറപ്പുവരുത്താൻ മരുന്നുകളുടെ വിപണനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാൻ സുപ്രിംകോടതി ഇടപെടണമെന്നും ഹരജിയിൽ പറയുന്നു

Next Story

RELATED STORIES

Share it