Sub Lead

ഗസയില്‍ ഇസ്രായേല്‍ പൊളിച്ചത് 815 പള്ളികള്‍ ; 12 രാജ്യങ്ങള്‍ സൈനികര്‍ക്ക് അപകടകരമെന്ന് ഇസ്രായേല്‍

19 സെമിത്തേരികളും മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങളും പൊളിച്ചു.

ഗസയില്‍ ഇസ്രായേല്‍ പൊളിച്ചത് 815 പള്ളികള്‍ ; 12 രാജ്യങ്ങള്‍ സൈനികര്‍ക്ക് അപകടകരമെന്ന് ഇസ്രായേല്‍
X

ഗസ സിറ്റി: ഗസയില്‍ കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ 815 പള്ളികളും 19 സെമിത്തേരികളും മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങളും പൊളിച്ചു. ഗസയിലെ മതകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആയിരത്തോളം പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം 815 പള്ളികള്‍ പൂര്‍ണമായും 151 എണ്ണം ഭാഗികമായും തകര്‍ത്തു. ഇക്കാലയളവില്‍ വെസ്റ്റ്ബാങ്കില്‍ 20 പള്ളികളും ആക്രമണത്തിനിരയായി.


മസ്ജിദുല്‍ അഖ്‌സയില്‍ 2024ല്‍ 256 തവണ ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി. ഡിസംബര്‍ അവസാനം മാത്രം 2,500 പേരാണ് മസ്ജിദ് അങ്കണത്തില്‍ പ്രവേശിച്ച് ജൂതപ്രാര്‍ത്ഥനകള്‍ നടത്തിയത്. പോലിസ് മന്ത്രി ബെന്‍ഗ്വിര്‍ അടക്കം രണ്ടു മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു.


2023 ഒക്ടോബര്‍ മുതല്‍ മാത്രം 45,800ല്‍ അധികം ഫലസ്തീനികളെയാണ് ഇസ്രായേല്‍ പലതരത്തില്‍ കൊന്നിരിക്കുന്നത്. വംശഹത്യയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രിയായിരുന്ന യോവ് ഗാലന്റ് എന്നിവര്‍ക്കെതിരേ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറന്റ് ഇറക്കിയിട്ടുമുണ്ട്.

ഗസയില്‍ വംശഹത്യയും അതിക്രമങ്ങളും നടത്തിയ 12 സൈനികര്‍ക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇസ്രായേലി സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. ബ്രസീല്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, സെര്‍ബിയ, അയര്‍ലാന്‍ഡ്, സൈപ്രസ്, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കേസെടുത്തിരിക്കുന്നത്. സൈപ്രസിലെ ഇസ്രായേലി ഒളിത്താവളങ്ങളും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം കൂടിയ ഇസ്രായേലി മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.

സൈനികര്‍ രാജ്യത്തിന് പുറത്തുപോവുമ്പോള്‍ നേരിടുന്ന ഭീഷണികള്‍ പരിശോധിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്ത് ആസ്ഥാനത്ത് പ്രത്യക സൈനിക ഡെസ്‌കും രൂപീകരിച്ചു. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദ് റജബ് ഫൗണ്ടേഷന്‍ എന്ന സംഘടന സോഷ്യല്‍മീഡിയ പരിശോധിച്ച് ഇസ്രായേലി സൈനികരുടെ ക്രൂരകൃത്യങ്ങള്‍ കോടതികളെ അറിയിക്കുന്നതായും ഇസ്രായേല്‍ വിലയിരുത്തി.

ഗസയിലെ വീടുകള്‍ പൊളിച്ച് അതിന് മുന്നില്‍ നിന്ന് ഇത് ഞങ്ങള്‍ പൊളിച്ചതാണെന്നും മറ്റും പറയുന്നത് യുദ്ധക്കുറ്റമാണെന്ന് സൈനികര്‍ മനസിലാക്കണമെന്ന് ഇസ്രായേല്‍ സ്റ്റേറ്റ് അറ്റോണി ഒഫീസിലെ അന്താരാഷ്ട്ര ഡിവിഷന്‍ മേധാവിയായിരുന്ന യുവാല്‍ കാപ്ലിന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ദൃശ്യങ്ങളൊന്നും പ്രചരിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലിന് വേണ്ടി വാദിക്കുന്ന നിക്ക് കോഫ്മാനും സമാനമായ നിര്‍ദേശം ഇറക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നതും ഫലസ്തീനികളെ ആക്രമിക്കുന്നതും റെക്കോര്‍ഡ് ചെയ്യരുതെന്നാണ് നിര്‍ദേശം.

ഗസ അധിനിവേശം തുടങ്ങിയ ശേഷം ഇസ്രായേലികളെയും ജൂതന്‍മാരെയും ലോകം കൂടുതലായി വെറുക്കാന്‍ തുടങ്ങിയതായും ഇസ്രായേലി മന്ത്രിസഭാ യോഗം വിലയിരുത്തി. ഇത് 'സെമിറ്റിക് വിരുദ്ധതയായാണ്' ഇസ്രായേല്‍ കണക്കാക്കുന്നത്. ഈ 'സെമിറ്റിക് വിരുദ്ധത' തടയാന്‍ വേണ്ട പ്രചാരണങ്ങള്‍ നടത്താന്‍ പ്രത്യേക തുകയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.



Next Story

RELATED STORIES

Share it