Sub Lead

സജി ചെറിയാന്‍റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം, പിണറായി ഭക്തജനക്കൂട്ടമായി സിപിഎം': സുധാകരൻ

സജി ചെറിയാന്‍റെ മടങ്ങിവരവ് രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം, പിണറായി ഭക്തജനക്കൂട്ടമായി സിപിഎം: സുധാകരൻ
X

തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പിണറായി വിജയനെന്ന വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി സി പി എം മാറിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തിൽ

കേരളത്തിന്‍റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ്.

സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിന്റെ പേരിലാണ്. ആ അവഹേളനം അതുപോലെ തന്നെ നമ്മുടെ കണ്‍മുമ്പില്‍ മായാതെ നില്‍ക്കുകയാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പൊലീസും ഭരണകൂടവും ഈ നാടിന് അപമാനമാണ്. ഇന്ത്യാ രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയന്‍ തിരിച്ചെടുക്കുന്നത്.

അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ ആവില്ല എന്ന നിലയിലേക്ക് സി പി എം നേതാക്കള്‍ അധ:പതിച്ചിരിക്കുന്നു. ധാര്‍മികതയും മൂല്യവും ഘോരഘോരം കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികള്‍ മനസ്സിലാക്കണം. സി പി എം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വഭാവം കൈവിട്ട് പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങള്‍ മാത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്. പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ മൗനത്തിലാണ് സി പി എമ്മിന്‍റെ ഉന്നത നേതാക്കള്‍.

ഭരണഘടനയാണ് ഈ നാട്ടില്‍ മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളി പറയുന്ന ഒരാള്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ കഴിയും? ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാന്‍ ഉള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട് , വോട്ടര്‍മാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ 'കളങ്കിത സത്യപ്രതിജ്ഞയ്‌ക്കെതിരെ' കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. ഇന്ത്യ മഹാരാജ്യത്തിനോട് നിര്‍വ്യാജമായ കൂറും സ്‌നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയര്‍ത്താനും കെ പി സിസി അധ്യക്ഷന്‍ എന്ന നിലയില്‍ ആഹ്വാനം ചെയ്യുന്നു.

Next Story

RELATED STORIES

Share it