Sub Lead

സ്വര്‍ണക്കടത്ത്, ഹവാല പണം: മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാന്തപുരം വിഭാഗം

സ്വര്‍ണക്കടത്ത്, ഹവാല പണം: മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാന്തപുരം വിഭാഗം
X

മലപ്പുറം: സ്വര്‍ണക്കടത്ത്, ഹവാല പണം എന്നിവ സംബന്ധിച്ച് നടത്തിയ മലപ്പുറം വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കാന്തപുരം വിഭാഗം രംഗത്ത്. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ സമാനതകളില്ലാത്ത സൗഹാര്‍ദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്‌ന വല്‍ക്കരിക്കാനുള്ള ഗൂഢ ശ്രമങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുയെന്ന് പറയപ്പെടുന്ന സ്വര്‍ണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്. ഇത്തരം ദുഷ്ട ശക്തികളെ നിയമ വിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമാണ് ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടത്. അതിനുപകരം ഒരു ജില്ലയെയും അതിലെ മുഴുവന്‍ ജന വിഭാഗങ്ങളെയും വാര്‍ത്താസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടര്‍ച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു ഭാഗത്ത് തീര്‍ത്തും അന്യായമായ രീതിയില്‍ ക്രിമിനല്‍ കേസുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷഭരിതമായി ജില്ലയായി അവമതിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് അധികാരികള്‍ തന്നെ സ്വര്‍ണക്കടത്തിന്റെയും അനധികൃത പണമിടപാടുകളുടെയും പേരില്‍ ജില്ലയെ ക്രൂശിക്കുന്നത് തരംതാഴലാണ്. ജില്ലയെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനഷ്യത്വ വിരുദ്ധമാണ്. ഇതിനെതിരെയും ജില്ലയുടെ മഹിതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ജാതി മത കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജന വിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it