Sub Lead

സ്വാമി യതി നര്‍സിങ്ങാനന്ദിനെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കശ്മീരി യുവാവിനെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു

സ്വാമി യതി നര്‍സിങ്ങാനന്ദിനെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കശ്മീരി യുവാവിനെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു
X

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധിയാര്‍ജിച്ച ദസ്‌ന ദേവിക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ സ്വാമി യതി നര്‍സിങ്ങാനന്ദ് സരസ്വതിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് കശ്മീരി യുവാവിനെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ജാന്‍ മുഹമ്മദ് ദര്‍വ് ആണ് പിടികൂടിയത്. ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താനായാണ് പുല്‍വാമയില്‍നിന്ന് ജാന്‍ ഡല്‍ഹിയിലെത്തിയതെന്നും ഒരുവര്‍ഷത്തോളമായി പാക് സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും ഡല്‍ഹി പോലിസ് ആരോപിക്കുന്നു. ഞായറാഴ്ച പഹര്‍ഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പോലിസ് പറയുന്നു.

ഇയാളുടെ പക്കല്‍നിന്നും 30 പിസ്റ്റളും തിരകളും രണ്ട് മാസികകളും കണ്ടെടുത്തിട്ടുണ്ടെന്ന് പോലിസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ഇതുകൂടാതെ ഹിന്ദു പുരോഹിതന്റെ വേഷവിധാനങ്ങളും പൂജാവസ്തുക്കളും കണ്ടെടുത്തതായും പോലിസ് പറഞ്ഞു. കശ്മീരി യുവാവിനെ പിടികൂടിയത് സംബന്ധിച്ച് പോലിസ് പറയുന്നതിങ്ങനെ: അടുത്തിടെ പ്രവാചകനെതിരേ വിവാദപരാമര്‍ശം നടത്തിയ സ്വാമി യതി നര്‍സിങ്ങാനന്ദ് സരസ്വതിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇയാളെത്തിയത്. അതിനായി ഒരു ഹിന്ദു പുരോഹിതനെപ്പോലെ വസ്ത്രം ധരിക്കാന്‍ പദ്ധതിയിട്ടിരുന്നു. അതിനായി കാവി നിറത്തിലുള്ള കുര്‍ത്ത, ഒരു വെള്ള പൈജാമ, ചന്ദനം എന്നിവ അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കാര്‍പെന്ററായി ജോലിചെയ്യുന്ന ജാന്‍ കഴിഞ്ഞ ഡിസംബറിലാണ് ജയ്‌ഷെ മുഹമ്മദ് ഓപറേറ്ററായ ആബിദുമായി ബന്ധപ്പെടുന്നത്. പാക് അധിനിവേശ കശ്മീരിലുണ്ടായിരുന്ന ഇയാള്‍ സ്വാമി യതി നര്‍സിങ്ങാനന്ദ് സരസ്വതി നടത്തിയിട്ടുള്ള വിവാദപ്രസംഗങ്ങളുടെ വീഡിയോ കാണിക്കുകയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ യുവാവിന് എങ്ങനെ പിസ്റ്റള്‍ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 6,500 രൂപ പണമായും ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും നല്‍കി.

ഡല്‍ഹിയിലെത്തിയ ജാന്‍ സംഘടനയില്‍പ്പെട്ട ഉമര്‍ എന്നയാളുമായി ബന്ധപ്പെട്ടു. മൂന്നുദിവസം ഒളിത്താവളത്തില്‍ താമസിപ്പിച്ചശേഷം ഉമര്‍ ജാന്‍ മുഹമ്മദിനെ ഹോട്ടലിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള പൂജാ സാധനങ്ങളും വസ്ത്രവും ഉമറാണ് ജാന്‍ മുഹമ്മദിന് കൈമാറിയത്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ദാസ്‌ന ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ സ്വാമി യതി നര്‍സിങ്ങാനന്ദ്, അടുത്തിടെ ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ 14 വയസുള്ള മുസ്‌ലിം ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസ്താവനകളിലൂടെയാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത്.

കുട്ടിയെ മര്‍ദ്ദിച്ച അനുയായിയെ അഭിനന്ദിച്ച ഇയാള്‍, അതിക്രമിച്ച് കയറുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് നേരിടേണ്ടതെന്ന് അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഈ ക്ഷേത്രം ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്, മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്കുശേഷമാണ് പ്രവാചകനെതിരേ ഇയാള്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയത്. ഡല്‍ഹി മുസ്‌ലിം വിരുദ്ധ കലാപം ആളിക്കത്തിക്കാന്‍ ആഹ്വാനം ചെയ്തതും ഇയാള്‍ വിവാദപ്രസംഗം നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it