Sub Lead

കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

പണിമുടക്കിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പണിമുടക്കിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം സര്‍വീസ് മുടങ്ങിയാല്‍ നഷ്ടം സമരം ചെയ്യുന്ന തൊഴിലാളികളില്‍ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. കൂടാതെ സമരത്തെ നേരിടാന്‍ ഇതില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചത്.

ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതായി മാനേജ്‌മെന്റ് പറയുന്നു. അന്ന് യോഗത്തില്‍ എല്ലാം സമ്മതിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. അതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

അടുത്തമാസം അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it