Sub Lead

കോര്‍പറേഷനിലെ കത്ത് വിവാദം; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ രാജിവച്ചു

കോര്‍പറേഷനിലെ കത്ത് വിവാദം; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ രാജിവച്ചു
X

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഡി ആര്‍ അനില്‍ രാജിവച്ചു. രാജികത്ത് കോര്‍പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാജി. തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് ഡി ആര്‍ അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നത്.

പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്. അനിലിന്റെ രാജിക്കായി സിപിഎം നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ രാജി സംബന്ധിച്ച് തീരുമാനമായി. പിന്നാലെ കോര്‍പറേഷനില്‍ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി കൈയൊഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടി മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ മാറി നില്‍ക്കുമെന്നും ഡി ആര്‍ അനില്‍ പ്രതികരിച്ചു.

കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെയും ഡി ആര്‍ അനിലിനിലിന്റെയും ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആര്‍ അനില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കത്തിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.

മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതല്‍ സിപിഎം നിലപാട്. അതിനിടെ, വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. രണ്ട് ഏജന്‍സികള്‍ക്കും കത്തിന്റെ ശരി പകര്‍പ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. മേയറുടെയും കോര്‍പറേഷന്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയും. മേയറുടെ ഓഫിസിലെ അഞ്ച് കംപ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. മേയറുടെ പേരിലെ കത്ത് തയ്യാറാക്കിയ കംപ്യൂട്ടര്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

ഡി ആര്‍ അനിലിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെയൊക്കെ ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കത്തിന്റെ ഹാര്‍ഡ് കോപ്പി കണ്ടെത്തിയാല്‍ മാത്രമേ കത്ത് വ്യാജമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനാവൂ. നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. അതുകൊണ്ട് കേസ് അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷ സംഘടനകള്‍ സമരം അവസാനിപ്പിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Next Story

RELATED STORIES

Share it