Sub Lead

മഹ ചുഴലി; മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരും

ആയിക്കരയില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ആദികടലായി കാടാങ്കണ്ടി സ്വദേശി കെ കെ ഫാറൂഖ്, ചാവക്കാട് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ സ്വദേശി അമ്പലപ്പുഴ തോട്ടപ്പള്ളി ഹൗസില്‍ രാജീവ് എന്നിവരെയാണ് കടലില്‍ വീണ് കാണാതായത്.

മഹ ചുഴലി; മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരും
X

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ മഹ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് കടലില്‍ വീണ് കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ രാത്രിയായതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തെരച്ചില്‍ രാവിലെ വീണ്ടും തുടരും. ആയിക്കരയില്‍ നിന്ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ ആദികടലായി കാടാങ്കണ്ടി സ്വദേശി കെ കെ ഫാറൂഖ്, ചാവക്കാട് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ സ്വദേശി അമ്പലപ്പുഴ തോട്ടപ്പള്ളി ഹൗസില്‍ രാജീവ് എന്നിവരെയാണ് കടലില്‍ വീണ് കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ട്, ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട് എന്നിവയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മത്സ്യത്തൊഴിലാളികളുടെ അഞ്ച് വള്ളങ്ങള്‍, കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍, എയര്‍ക്രാഫ്റ്റ് എന്നിവയും തെരച്ചിലില്‍ പങ്കെടുത്തു. ചാവക്കാട്ട് നിന്നുള്ള മല്‍സ്യബന്ധന ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും ആയിക്കരയില്‍ നിന്നുള്ള വള്ളത്തിലുണ്ടായിരുന്ന രണ്ട് പേരെയും പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശി വര്‍ഗീസ്, കന്യാകുമാരി സ്വദേശി മുഹമ്മദ് എന്നിവരാണ് ആയിക്കരയില്‍ നിന്നു പുറപ്പെട്ട വള്ളത്തിലുണ്ടായിരുന്നത്. ചാവക്കാട്ടെ ബോട്ടിലുണ്ടായിരുന്ന ചാവക്കാട് ഒരുമന്നൂര്‍ തൊടു ഹൗസിലെ അജേഷ്, മുനക്കക്കാവ് കോന്നാടത്ത് വീട്ടില്‍ രൂപേഷ്, ഇരട്ടപ്പുഴ പേരോത്ത് ബിജു, ആലപ്പുഴ തോട്ടപ്പള്ളി പുതുവേല്‍ പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍, തോട്ടപ്പള്ളി എട്ടില്‍ കമലാസനന്‍, തമിഴ്‌നാട് ചിദംബരം കീഴമുഴങ്കിലടി വടക്കെ തില്ലൈനായകപുരം സ്വദേശി ഗോപു എന്നീ ആറു പേരെയും രക്ഷപ്പെടുത്താനായി.

അതിനിടെ, പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ സന്ദര്‍ശിച്ച് അടിയന്തര സഹായധനം നല്‍കി. വ്യാഴാഴ്ചയുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തയ്യില്‍ മൈതാനപ്പള്ളിയിലെ കടല്‍ഭിത്തി താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് ഭിത്തി താല്‍ക്കാലികമായി പുനസ്ഥാപിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രധിനികളുടെയും സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഭിത്തി പുനസ്ഥാപിച്ചത് തീരദേശവാസികള്‍ക്ക് വലിയ ആശ്വാസമായി.

Next Story

RELATED STORIES

Share it