Sub Lead

യുക്രെയ്ന്‍ രക്ഷാദൗത്യം: യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ 'ഗംഗ'യുടെ പേര് മോദി ദുരുപയോഗം ചെയ്തു- സിദ്ധരാമയ്യ

യുക്രെയ്ന്‍ രക്ഷാദൗത്യം: യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ ഗംഗയുടെ പേര് മോദി ദുരുപയോഗം ചെയ്തു- സിദ്ധരാമയ്യ
X

ബംഗളൂരു: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌നിലെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തിന് 'ഗംഗ'യുടെ പേര് പോലും ദുരുപയോഗം ചെയ്യുകയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഗംഗാ നദി ബിജെപി നേതാക്കളുടെ പാപങ്ങള്‍ പൊറുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2011ല്‍ ലിബിയയില്‍ നിന്ന് 15,000ലധികം ആളുകളെ ചെറിയ അറിയിപ്പുകള്‍ കൊണ്ട് ഒഴിപ്പിച്ചു. എന്നാല്‍, ബിജെപി സര്‍ക്കാരിന്റെ അലംഭാവം നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ യുക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെ ബാധിച്ചു. മുന്‍ സര്‍ക്കാരുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എന്തുകൊണ്ട് ബിജെപി സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞില്ല ? ബിജെപി അതിവേഗം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നവീന്‍ ഞങ്ങളോടൊപ്പം ജീവിച്ചിരിക്കുമായിരുന്നുവെന്നും 20,000 വിദ്യാര്‍ഥികളെ ആഘാതത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

യുക്രെയ്ന്‍ പ്രതിസന്ധിയുടെ കാലത്ത് കേന്ദ്രത്തിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ ജനസമ്പര്‍ക്കം മെച്ചപ്പെടുത്താന്‍ കുതിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ബിജെപി നേതാക്കള്‍ ഓരോ പ്രതിസന്ധിയും പ്രചാരണം കൂട്ടാനുള്ള അവസരമായാണ് കണക്കാക്കുന്നത്. യുക്രെയ്‌നില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് അവിടെ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ. അധിനിവേശത്തെക്കുറിച്ചും 2021 നവംബര്‍ മുതല്‍ വരാനിരിക്കുന്ന പ്രതിസന്ധിയുടെ നിരവധി സൂചനകളെക്കുറിച്ചും റഷ്യയുടെ മതിയായ മുന്നറിയിപ്പുകളുണ്ടായിരുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഹാവേരി സ്വദേശിയായ നവീന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നിര്‍ഭാഗ്യകരമായ മരണം ബിജെപി സര്‍ക്കാരിന്റെ തയ്യാറെടുപ്പും വിദേശകാര്യ മന്ത്രാലയത്തിന്റെ ആഘാതം വിലയിരുത്തുന്നതിലെ പരാജയവുമാണ് തുറന്നുകാട്ടുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുക്രെയ്‌നില്‍ ഏകദേശം 20,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി ആദ്യംതന്നെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതാണ്. ഫെബ്രുവരി അവസാനം സൈനിക നടപടിക്ക് മുമ്പുതന്നെ ഈ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ധാരാളം സമയമുണ്ടായിരുന്നു.

2021 നവംബറിലാണ് യുക്രെയ്‌ന് ചുറ്റും റഷ്യന്‍ സൈന്യത്തിന്റെ തമ്പടിക്കലുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് യുക്രെയ്ന്‍ വിടാനുള്ള ഉപദേശം നല്‍കാനും അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോവാനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താനും സര്‍ക്കാരിന്റെ പ്രതികരണമുണ്ടാവാത്തത് എന്തുകൊണ്ട് ? സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാത്രം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചതെന്നും സിദ്ധരാമയ്യ ചോദിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഫെബ്രുവരി 15നാണ് ഇന്ത്യ ആദ്യ നിര്‍ദേശം നല്‍കിയത്. മറ്റ് പല രാജ്യങ്ങളും ഒരുമാസം മുമ്പ് ഇത് ചെയ്തതാണ്. സംഘര്‍ഷ മേഖലകളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നത് ഇന്ത്യയ്ക്ക് പുതിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പണത്തിനും ഭക്ഷണത്തിനും വേണ്ടി നാട്ടുകാരും പട്ടാളവും ഇവരെ ആക്രമിക്കുകയാണ്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്ന് അതിര്‍ത്തി രാജ്യങ്ങളിലെത്താന്‍ പലരും നിര്‍ബന്ധിതരാവുന്നു. ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും സുദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it