Sub Lead

കിഫ്‌ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി

ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു.

കിഫ്‌ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി
X

കൊല്ലം: ബിജെപിയും കോൺഗ്രസും എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വികസനത്തിന്റെ കാര്യത്തിൽ സർക്കാർ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടർഭരണം ലഭിച്ചശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത്‌ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം അത് തിരിച്ചറിഞ്ഞു. ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിന്റെ നിലപാടുകൾ നടപ്പാക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കേരളത്തിലെ വികസനം തടയാനാണ്‌ ഇഡി ലക്ഷ്യമിടുന്നത്‌. കിഫ്‌ബിയെ ലക്ഷ്യമിടുന്നത്‌ അതിനുവേണ്ടിയാണ്‌. കേരളത്തിലെ വികസനം തടയാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒന്നും നടക്കാൻ പാടില്ല എന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നുപോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it