Sub Lead

മുത്തലാഖ് കുറ്റകൃത്യമാക്കിയത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു: എന്‍ഡബ്ല്യുഎഫ്

മുത്തലാഖ് കുറ്റകൃത്യമാക്കിയത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു: എന്‍ഡബ്ല്യുഎഫ്
X

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം, സുരക്ഷ, സ്വയം തീരുമാനാധികാരം ഇവയെക്കുറിച്ചുള്ള പൊള്ളയായ പ്രസ്താവനകളുമായി ആഗസ്ത് 1 മുസ്‌ലിം സ്ത്രീ ശാക്തീകരണ ദിനം' ആയി പ്രഖ്യാപിച്ച സര്‍ക്കാര്‍, അവര്‍ക്ക് മാന്യമായ ജീവിത നിലവാരം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മുത്തലാഖ് നിയമം നടപ്പില്‍ വരുത്തി മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ജയില്‍വാസം ഒഴിവാക്കാനായി പുരുഷന്മാര്‍ നിയമപരമായ വിവാഹമോചനത്തിന് പകരം അവരുടെ ഭാര്യമാരെ ഉപേക്ഷിക്കുകയാണ്.

2019 ജൂലൈ 30 ന് മുത്തലാഖ് കുറ്റകൃത്യമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ വിമന്‍സ് ഹെല്‍പ് സെന്ററില്‍, മുത്തലാഖിനു വിധേയമാകേണ്ടി വന്ന സ്ത്രീകളുടെ പരാതികള്‍ കിട്ടാറേ ഇല്ല എന്നതാണ് അവസ്ഥ. ഈ നിയമം വരുത്തിവച്ച പുതിയ ഒരു പ്രശ്‌നമാണ് 'ഉപേക്ഷിക്കല്‍'. മുത്തലാഖ് നിയമം ചാര്‍ത്തപ്പെടുന്നതില്‍ നിന്നും, വിവാഹമോചിതക്ക് ജീവനാംശം നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറാനുമായി, നിയമപരമായ വിവാഹമോചനം ആഗ്രഹിക്കുന്ന മുസ്‌ലിം പുരുഷന്മാര്‍ ഇപ്പോള്‍ അതിന് പകരം ഭാര്യമാരെ 'ഉപേക്ഷിച്ച്'കടന്നു കളയുകയാണ് ചെയ്യുന്നത്.

'മുസ്‌ലിം സ്ത്രീകളുടെ സുരക്ഷക്ക്' എന്ന് കൊട്ടിഘോഷിക്കപ്പെട്ട മുത്തലാഖ് നിയമം മുസ്‌ലിം സ്ത്രീകള്‍ക്ക് ഗുണത്തെക്കാളേറെ ദോഷകരമായാണ് ഭവിച്ചിരിക്കുന്നത്. നിയമ നിര്‍മാണത്തിന് ശേഷവും രാജ്യത്തെ മിക്ക പോലിസ് സ്‌റ്റേഷനുകളും ഈ നിയമമനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നത് കാരണം, വിവാഹമോചനത്തിന്റെ ഇരകള്‍ നെട്ടോട്ടമോടുകയാണ്.

ഈ നിയമം പിന്‍വലിക്കുകയും വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യണമെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി നൗഷിറമുഹമ്മദ് ആവശ്യപ്പെട്ടു. ഭരണഘടനയിലെ നീതി മൂല്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്ന ഖുര്‍ആനിക നിര്‍ദേശങ്ങള്‍ക്കനുസരിച്ച്, രാജ്യത്ത് ഇപ്പോള്‍ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന മുഹമ്മദന്‍ ലോ പരിഷ്‌കരിക്കുകയും വേണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it