Sub Lead

പ്രാര്‍ത്ഥനാനുമതി നിഷേധിച്ചെന്ന്; തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം രണ്ടാംദിനത്തിലേക്ക്

ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രിംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ വികാരിക്ക് ചുമതല കൈമാറണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ഇന്നലെ രാവിലെ 9.30 ഓടെ പള്ളിയിലെത്തിയത്. വിവരം മുന്‍കൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗത്തില്‍പ്പെട്ട 300 ഓളം പേര്‍ പള്ളിക്കുള്ളില്‍ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാര്‍ത്ഥനായജ്ഞം തുടങ്ങി.

പ്രാര്‍ത്ഥനാനുമതി നിഷേധിച്ചെന്ന്;   തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം രണ്ടാംദിനത്തിലേക്ക്
X

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രാര്‍ത്ഥനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ പള്ളിക്ക് പുറത്ത് നടത്തിവന്ന കുത്തിരിയിപ്പ് സമരം രണ്ടാംദിനത്തിലേക്ക് കടന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായി സുപ്രിംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ വികാരിക്ക് ചുമതല കൈമാറണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ഇന്നലെ രാവിലെ 9.30 ഓടെ പള്ളിയിലെത്തിയത്. വിവരം മുന്‍കൂട്ടിയറിഞ്ഞ യാക്കോബായ വിഭാഗത്തില്‍പ്പെട്ട 300 ഓളം പേര്‍ പള്ളിക്കുള്ളില്‍ കടന്ന്, ഗേറ്റ് പൂട്ടിയശേഷം പ്രാര്‍ത്ഥനായജ്ഞം തുടങ്ങി.

പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതുമൂലം അഞ്ച് പുരോഹിതന്‍മാരടങ്ങുന്ന സംഘം ഗെയ്റ്റിനു വെളിയില്‍ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സ്ഥലത്തെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപകന്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസും കുത്തിയിരിപ്പില്‍ പങ്കുചേര്‍ന്നു. പ്രശ്‌നപരിഹാരമുണ്ടാവുന്നതുവരെ കുത്തിയിരിപ്പില്‍നിന്നും പിന്തിരിയില്ലെന്ന് ഭദ്രാസനാധിപന്‍ അറിയിച്ചു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിന് കലക്ടര്‍ ഇടപെട്ട് തൃശൂര്‍ എസിപിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയ്ക്ക് പുറത്തും പ്രതിഷേധം തുടരുകയാണ്. ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികള്‍ ആരാധനയ്ക്കായി പള്ളിയിലെത്തിയത്. എന്നാല്‍, ജില്ലാ കോടതിയുടെ ഉത്തരവില്‍ തങ്ങള്‍ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങിയിട്ടുണ്ടെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പക്ഷം.

കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലും പരിഗണനയിലാണ്. അതിനാല്‍, പള്ളി വിട്ടുനല്‍കാനാവില്ലെന്നാണ് യാക്കോബായ നിലപാട്. സംഘര്‍ഷസാധ്യതയുണ്ടെങ്കിലും ക്രമസമാധാനപ്രശ്‌നങ്ങളിലേക്ക് കടക്കാത്തതിനാല്‍ പള്ളിയുടെ 250 മീറ്റര്‍ അകലെയാണ് പോലിസ് സംഘം നിലയുറപ്പിച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടായാല്‍ മാത്രം പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് പോലിസിന്റെ തീരുമാനം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ 40 ഉം യാക്കോബായ വിഭാഗത്തിന്റെ 350 ഉം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.


Next Story

RELATED STORIES

Share it