Big stories

കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മണര്‍കാട് പോലിസ് സ്‌റ്റേഷനിലെ സിപിഒ സെബാസ്റ്റിയന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോട്ടയം: പോലിസ് കസ്റ്റഡിയിലെടുത്തയാളെ സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മണര്‍കാട് പോലിസ് സ്‌റ്റേഷനിലെ സിപിഒ സെബാസ്റ്റിയന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറാണ് പോലിസുകാരെ സസ്‌പെന്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിക്കാനിടയായതില്‍ പോലിസുകാര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസിനെ ലോക്കപ്പില്‍ അടച്ചിരുന്നില്ല. രാവിലെ 9.13ന് നവാസ് ശുചിമുറിയിലേക്ക് പോയിട്ടും പോലിസുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഒന്നര മണിക്കൂറിനുശേഷം 10.50നാണ് നവാസ് തൂങ്ങിനില്‍ക്കുന്നത് പോലിസ് കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.

മരണപ്പെട്ട നവാസിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷമാണ് ഡിവൈഎസ്പി എസ്പിക്ക് റിപോര്‍ട്ട് കൈമാറിയത്. മരിച്ച നവാസ് പോലിസുകാരുമായി സംസാരിക്കുന്നതിന്റെയും ശുചിമുറിയില്‍ കയറുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നവാസ് രാവിലെ 8.45ന് പോലിസുകാരുമായി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം 9.13നാണ് നവാസ് ശുചി മുറിയില്‍ കയറുന്നത്. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം 10.50നാണ് നവാസ് തൂങ്ങി നില്‍ക്കുന്നത് പോലിസ് കാണുന്നത്.

തിങ്കളാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ ഭിന്നലിംഗക്കാരനായ സഹോദരനാണ് മണര്‍കാട് പോലിസില്‍ പരാതി നല്‍കിയത്. പോലിസെത്തി നവാസിനെ സ്‌റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്‌റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി രാവിലെ തന്നെ ജാമ്യത്തില്‍ വിടാനായി തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ നവാസിനെ കണ്ടെത്തുന്നത്.

Next Story

RELATED STORIES

Share it