Sub Lead

എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നാളെ കണ്ണൂര്‍ സിറ്റിയില്‍

എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നാളെ കണ്ണൂര്‍ സിറ്റിയില്‍
X

കണ്ണൂര്‍: 'പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിനിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ സിറ്റിയില്‍ നടക്കും. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നിര്‍വഹിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചുകടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തില്‍ നടത്തുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തന്റെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തോടൊപ്പം തന്നെ പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ച് നിയമപരമല്ലാത്ത സമാന്തര അന്വേഷണം അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും എംഎല്‍എ ആരോപിക്കുന്നു. തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലീസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാവ് ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലീസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു.

മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുസ് ലിം ലീഗിന് കൂടുതല്‍ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലയ്‌ക്കെതിരേ പോലിസിന്റെ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടും ലീഗ് നേതൃത്വം സമരരംഗത്തു വരാത്തത് നിഗൂഢമാണ്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനോ ജനങ്ങളെ ബോധവല്‍ക്കരിക്കാനോ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് അതുകൊണ്ടാണ്. കാംപയിനിന്റെ ഭാഗമായി ജില്ലയില്‍ ഒരു മാസം നീളുന്ന പ്രചാരണം നടത്തും. കാംപയിനിന്റെ ഭാഗമായി കോര്‍ണര്‍ യോഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍ നയിക്കുന്ന മണ്ഡലം തല വാഹന ജാഥകള്‍, പഞ്ചായത്ത് തലത്തില്‍ ജന ജാഗ്രതാ സംഗമം, പദയാത്രകള്‍, ലഘുലേഖ വിതരണം, ഭവന സമ്പര്‍ക്കം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി പങ്കെടുത്തു.

Next Story

RELATED STORIES

Share it