Sub Lead

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ചെങ്കോട്ട വരെ നീളുന്ന രഹസ്യ തുരങ്കം

ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോവുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ കൊണ്ടുപോവുമ്പോള്‍ പുറത്തുനിന്ന് ആക്രമണങ്ങളുണ്ടാവാതിരിക്കാനാണ് രഹസ്യപാത ഉപയോഗിച്ചിരുന്നത്.

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ ചെങ്കോട്ട വരെ നീളുന്ന രഹസ്യ തുരങ്കം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിനുള്ളില്‍ രഹസ്യ തുരങ്കം കണ്ടെത്തി. നിയമസഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയാണ് രഹസ്യതുരങ്കത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോവുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ കൊണ്ടുപോവുമ്പോള്‍ പുറത്തുനിന്ന് ആക്രമണങ്ങളുണ്ടാവാതിരിക്കാനാണ് രഹസ്യപാത ഉപയോഗിച്ചിരുന്നത്.

'1993ല്‍ ഞാന്‍ എംഎല്‍എ ആയപ്പോള്‍ ഇങ്ങനൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും കേട്ടിരുന്നു. അതിന്റെ ചരിത്രത്തെക്കുറിച്ച് ഞാന്‍ തിരഞ്ഞിരുന്നു. പക്ഷേ, അതില്‍ വ്യക്തത ലഭിച്ചിരുന്നില്ല'- ഗോയല്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ തുരങ്കമുഖം എവിടാണെന്ന് കണ്ടെത്താനായി. ഞങ്ങള്‍ കൂടുതല്‍ കുഴിച്ചുനോക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാല്‍ നിര്‍മാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും തകര്‍ന്നിട്ടുണ്ടാവുമെന്ന് ഗോയല്‍ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912ല്‍ കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ ശേഷം കേന്ദ്ര നിയമസഭ ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. 1926ല്‍ ഈ മന്ദിരം കോടതിയാക്കി മാറ്റി.

സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. ഇവിടെ തൂക്കുമരമുള്ള മുറിയെക്കുറിച്ച് നമുക്കെല്ലാം അറിയാമായിരുന്നു. പക്ഷേ, അത് ഇതുവരെ തുറന്നിട്ടില്ല. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാണ്. ഞാന്‍ ആ മുറി തുറന്നുപരിശോധിക്കാന്‍ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഗോയല്‍ വ്യക്തമാക്കി.

ഡല്‍ഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ചരിത്രബന്ധമുണ്ട്. ഈ പശ്ചാത്തലത്തില്‍ തൂക്കുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യദിനം മുതല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥലത്തിന് വളരെ സമ്പന്നമായ ചരിത്രമുണ്ട്. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും നമ്മുടെ ചരിത്രത്തിന്റെ പ്രതിഫലനം ലഭിക്കുന്ന വിധത്തില്‍ ഇത് നവീകരിക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it