Sub Lead

എസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന് ഗവര്‍ണര്‍

എസ്എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍നിന്നിറങ്ങി റോഡരികിലിരുന്ന് ഗവര്‍ണര്‍
X

കൊല്ലം: നിലമേലില്‍ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകരത്തിയപ്പോള്‍ ക്ഷുഭിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാഹനത്തില്‍നിന്നിറങ്ങി റോഡരികിലെത്തി പോലിസിനോടും പ്രതിഷേധക്കാരോടും ക്ഷുഭിതനായ ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലിസ് ആണെന്നും അവര്‍ക്കെതിരേ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും പറഞ്ഞ് റോഡരികില്‍ തന്നെയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

നിലമേലില്‍ സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോവുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായെത്തിയത്. ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാരോട് കയര്‍ക്കുകയായിരുന്നു. പോലിസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ പിന്നെ ആരാണ് നിയമം സംരക്ഷിക്കുകയെന്നു പറഞ്ഞ് ഗവര്‍ണര്‍ കൊല്ലം റൂറല്‍ എസ് പിയോട് തട്ടിക്കയറി. അനുനയിപ്പിക്കാനെത്തിയ പേഴ്‌സണല്‍ സ്റ്റാഫിനോടും ഗവര്‍ണര്‍ രോഷാകുലനായി. പ്രധാനമന്ത്രിയുടെ ഓഫിസിലേക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിളിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രാദേശിക ബിജെപി നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ട് അനുനയശ്രമം നടത്താന്‍ ശ്രമിച്ചെങ്കിലും മാറാന്‍ തയ്യാറായില്ല. അതേസമയം, പ്രതിഷേധക്കാരെ മുഴുവന്‍ പോലിസുകാര്‍ സംഭവസ്ഥലത്തുനിന്നും മാറ്റി. നേരത്തെയും കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ ക്ഷുഭിതനായി കാറില്‍ നിന്നറങ്ങുകയും രോഷത്തോടെയും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it