Sub Lead

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
X

ചണ്ഡിഗഢ്: കര്‍ഷകപ്രക്ഷോഭത്തില്‍ അണിചേരുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പഞ്ചാബിലെ ജനങ്ങളെ താന്‍ നയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. പഞ്ചാബില്‍നിന്ന് ജനങ്ങളെയും കൂട്ടി ഡല്‍ഹി വരെ സമരം ചെയ്യാന്‍ താന്‍ തയ്യാറാണ്. നമുക്കെല്ലാവര്‍ക്കും വേണ്ട നീതിക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചവരാണ് സമരം ചെയ്യുന്ന കര്‍ഷകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകപ്രക്ഷോഭത്തോട് മുന്‍ മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് മുഖം തിരിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചരണ്‍ജിത്തിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

അടുത്ത സുഹൃത്തായ നവജ്യോത് സിങ് സിദ്ദുവിന്റെ രാജി ഞെട്ടിക്കുന്നതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹം ഞങ്ങളുടെ തലവനാണ്. ഒരു നല്ല നേതാവാണ് ... എനിക്ക് ഒന്നുമറിയില്ലെങ്കില്‍ എനിക്ക് എന്ത് പറയാന്‍ കഴിയും? സിദ്ദുവിനെ, എനിക്ക് എല്ലാ വിശ്വാസവുമുണ്ട്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. താനുമായോ പാര്‍ട്ടിയുമായോ സിദ്ദുവിന് പ്രശ്‌നങ്ങളില്ല. അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.

ഡല്‍ഹിയില്‍ പോയ അമരീന്ദര്‍ ബിജെപി നേതൃത്വത്തെ കാണാനാണെന്ന പ്രചാരണം തെറ്റാണെന്ന് പറഞ്ഞ ചരണ്‍ജിത്ത് സിങ്, പഞ്ചാബിന് വേണ്ടിയാണ് അമരീന്ദര്‍ ഡല്‍ഹിയില്‍ പോയതെന്നും വിശദീകരിച്ചു. ദിവസങ്ങളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചതിന് പിന്നാലെയാണ് സിദ്ദുവും പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. തിരഞ്ഞടുപ്പ് ആസന്നമായിരിക്കെ കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച നടന്ന കര്‍ഷക ബന്ദിന് പിന്തുണയര്‍പ്പിച്ച് ചരണ്‍ജിത്ത് സിങ്ങിന്റെ മന്ത്രിസഭ പ്രമേയവും പാസാക്കി. അമരീന്ദറിന്റെയും സിദ്ദുവിന്റെയും അഭാവത്തില്‍ പാര്‍ട്ടിയില്‍ നേതൃപ്രതിസന്ധിയുണ്ടെന്ന ആക്ഷേപങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍.

Next Story

RELATED STORIES

Share it