Parliament News

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കേരളം രാജ്യത്തിന് മാതൃക കാട്ടിയെന്ന് എളമരം കരീം

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമൊക്കെ അത് കണ്ടതാണ്. ജനവിധിയുടെ പേരുപറഞ്ഞ് എന്തുമാകാമെന്നാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ജനങ്ങള്‍ അടങ്ങിയിരിക്കില്ല-എളമരം കരീം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: കേരളം രാജ്യത്തിന് മാതൃക കാട്ടിയെന്ന് എളമരം കരീം
X

ന്യൂഡല്‍ഹി: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിപ്പോടെയുള്ള പ്രതിഷേധത്തിലൂടെ കേരളം രാജ്യത്തിനാകെ മാതൃകയായതായി സിപിഎം ഉപനേതാവ് എളമരം കരീം രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞു. വിവാദ നിയമത്തിനെതിരായി കേരള നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസാക്കി. ബിജെപിയുടെ ഏക അംഗവും പിന്തുണച്ചു. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. 75 ലക്ഷം പേര്‍ അണിചേര്‍ന്ന മനുഷ്യചങ്ങല സംഘടിപ്പിച്ചു.

പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി മാത്രമല്ല ലോകമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. യുഎന്‍ ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായി. അന്തര്‍ദേശീയതലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ സര്‍ക്കാര്‍ മോശമാക്കി. ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതേതര സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ഒരു വിഭാഗത്തിനെതിരായ വിവേചനമാണ്. ബിജെപി അധികാരത്തിലിരുന്ന കാലഘട്ടം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തും.

രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കാണാതെ പോവുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എല്ലാ മേഖലകളിലും ഇടിവ് സംഭവിക്കുകയാണ്. വ്യവസായശാലകള്‍ അടച്ചുപൂട്ടുകയും തൊഴിലാളികളെ വെട്ടികുറയ്ക്കുകയും വേതനം വെട്ടികുറയ്ക്കുകയുമാണ്. കോര്‍പ്പറേറ്റ് ഭീമന്‍മാരെ പ്രീതിപ്പെടുത്തുന്നതിനായി സാധാരണക്കാരെ സര്‍ക്കാര്‍ പിഴിയുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പൗരത്വ നിയമമെല്ലാം ഇതിന്റെ ഭാഗമായാണ്.

അയോധ്യ വിധിന്യായത്തെ നയപ്രഖ്യാപനത്തില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ബാബറി പള്ളി തകര്‍ക്കപ്പെട്ട ശേഷം പല വിധികളും വന്നിരുന്നു. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ ആ വിധികളെ ഏതുവിധമാണ് സമീപിച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും അവര്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസം വന്നിരിക്കയാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ വേഗത്തില്‍ കൊണ്ടുവന്നതിനെ നയപ്രഖ്യാപനത്തില്‍ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റിനെ ഇകഴ്ത്തതിയാണ് ഈ നിയമനിര്‍മ്മാണങ്ങളെല്ലാം. ജനവിധി അനുകൂലമായതിനാല്‍ എന്തുമാകാമെന്നാണ് സര്‍ക്കാര്‍ ഭാവം. എന്നാല്‍ ജനവിധിയൊക്കെ പഴങ്കഥയായി മാറി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമൊക്കെ അത് കണ്ടതാണ്. ജനവിധിയുടെ പേരുപറഞ്ഞ് എന്തുമാകാമെന്നാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ജനങ്ങള്‍ അടങ്ങിയിരിക്കില്ല-എളമരം കരീം പറഞ്ഞു.

Next Story

RELATED STORIES

Share it