Big stories

ഡല്‍ഹി വംശീയകലാപം ന്യായീകരിക്കാന്‍ പുസ്തകവുമായി ഹിന്ദുത്വര്‍; പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥി കപില്‍മിശ്ര

ഡല്‍ഹി വംശീയകലാപം ന്യായീകരിക്കാന്‍ പുസ്തകവുമായി ഹിന്ദുത്വര്‍; പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥി കപില്‍മിശ്ര
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്ത മുസ് ലിം വിരുദ്ധ വംശീയ കലാപത്തെ ന്യായീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുത്വര്‍ പുസ്തകം പുറത്തിറക്കുന്നു. 'ഡല്‍ഹി കലാപം 2020- ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്നു പേരുള്ള പുസ്തകം ബ്ലൂംസ്‌ബെറി ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ആഗസ്ത് 22നു വൈകീട്ട് 4നു നടക്കുന്ന പുസ്തകം പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ബിജെപി നേതാവും വിദ്വേഷപ്രസംഗത്തിലൂടെ ഡല്‍ഹി കലാപത്തിനു കാരണക്കാരനായെന്നു വിമര്‍ശനമുയരുകയും ചെയ്ത കപില്‍ മിശ്രയാണ്. പുസ്തക പ്രകാശനം ചെയ്യുന്നതാവട്ടെ ബിജെപി നേതാവും

രാജ്യസഭാ എംപിയുമായ ഭൂപേന്ദ്രയാദവാണ്. പുസ്തകത്തെ കുറിച്ചു രചയിതാക്കളിലൊരാളായ മോണിക്ക അരോറ ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പ് തന്നെ ഉള്ളടക്കത്തെ കുറിച്ചു വ്യക്തമാക്കുന്നതാണ്. 'ജിഹാദി-നക്‌സല്‍ ലോബി എങ്ങനെയാണ് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന 'ഡല്‍ഹി കലാപം-പറയാത്ത കഥ' എന്ന പുസ്തകം ആഗസ്ത് 22ന് പ്രകാശനം ചെയ്യുന്നുവെന്നായിരുന്നു ട്വീറ്റ്.

ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി, ഡല്‍ഹി സര്‍വകലാശാലയിലെ നിയമാധ്യാപിക നൂപുര്‍ ശര്‍മ എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ടെന്നാണ് നോട്ടീസിലുള്ളത്. സുപ്രിംകോടതി അഭിഭാഷകയായ മോണിക്ക അരോറയോടൊപ്പം സോണാലി ചിതാല്‍കര്‍, പ്രേരണാ മല്‍ഹോത്ര എന്നിവരാണ് പുസ്തകരചയിതാക്കള്‍. പരിപാടിയില്‍ കപില്‍ മിശ്രയെ ഉള്‍പ്പെടുത്തിയതിന് ബ്ലൂംസ്ബറിക്കെതിരേ ട്വിറ്ററില്‍ ചരിത്രകാരന്‍മാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുമായ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. സാകേത് ഗോഖലെ, മീനാ കന്ദസാമി, സ്വര ഭാസ്‌കര്‍ തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മുസ് ലിം വിദ്വേഷവും നുണകളും ന്യായീകരിക്കാനും വംശഹത്യയ്ക്ക് ഇരയായവരെ ക്രിമിനലുകളാക്കി ചിത്രീകരിക്കാനുമാണ് പുസ്തകത്തിലൂടെ ശ്രമിക്കുന്നതെന്നാണു വിമര്‍ശനം.

ചരിത്രകാരനായ ഓഡ്രി ട്രഷ്‌കെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ബ്ലൂംസ്ബറിയുടെ തീരുമാനത്തെ നാസികള്‍ സെമിറ്റിക് വിരുദ്ധ വംശഹത്യയ്ക്ക് ജൂതരെ കുറ്റപ്പെടുത്തുകയും അതില്‍ നിന്ന് ലാഭം നേടുകയും ചെയ്തതിനോടാണ് ഉപമിച്ചത്. കവയത്രിയും എഴുത്തുകാരിയുമായ മീനാ കന്ദസാമിയുടെ ട്വീറ്റ് ഇങ്ങനെ: ഇത് സംസ്‌കാരം റദ്ദാക്കുന്നതിനെക്കുറിച്ചല്ല. ഫാഷിസത്തില്‍ നിന്ന് സാഹിത്യത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ്. മതപരമായ ഭിന്നത, വിദ്വേഷ പ്രഭാഷണം, ഇസ് ലാമോഫോബിയ, തെറ്റായ ചരിത്രം എന്നിവയ്ക്കെതിരേ നിലകൊള്ളുന്നതിനാണെന്നും അവര്‍ കുറിച്ചു.

എന്നാല്‍, പരിപാടിയില്‍ കപില്‍ മിശ്ര പങ്കെടുത്തതിനെക്കുറിച്ച് ബ്ലൂംസ്ബറി ഇന്ത്യ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. പുസ്തക രചയിതാക്കള്‍ ചടങ്ങിനെ കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും ഞങ്ങളുടെ ലോഗോ അറിയിക്കാതെ ഉപയോഗിച്ചതാണെന്നും ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തകത്തിനായി ഒരു ചടങ്ങും സംഘടിപ്പിച്ചിട്ടില്ലെന്നും ബ്ലൂംസ്ബറി ഇന്ത്യ പ്രതിനിധി ന്യൂസ് ലോണ്ട്രിയോട് പറഞ്ഞു. ഇക്കാര്യത്തില്‍ ബ്ലൂംസ്‌ബെറി വ്യക്തത വരുത്തണമെന്ന് നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. 'എനിക്ക് രണ്ടു ചോദ്യങ്ങളുണ്ട്. നിങ്ങള്‍ വാസ്തവത്തില്‍ ഈ പുസ്തകം പരിശോധിച്ചോ? അതോ നിങ്ങള്‍ പ്രചാരണത്തിനിറങ്ങിയതാണോ. പ്രകാശനച്ചടങ്ങളില്‍ വര്‍ഗീയവാദികളെ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് നുണപറഞ്ഞോ? എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുന്നത്? എന്നായിരുന്നു സ്വര ഭാസ്‌കറുടെ ചോദ്യം. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.


Next Story

RELATED STORIES

Share it