Big stories

ശുക്‌റന്‍ ഖത്തര്‍.......നിങ്ങളാണ് യഥാര്‍ത്ഥ വിജയി

ലോകകപ്പിനായി ഒരുക്കിയ ഖത്തറിന്റെ ഗതാഗത സൗകര്യങ്ങള്‍ക്ക് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം കൈയ്യടിക്കുകയാണ്.

ശുക്‌റന്‍ ഖത്തര്‍.......നിങ്ങളാണ് യഥാര്‍ത്ഥ വിജയി
X

ചരിത്രം കണ്ട ഏറ്റവും മികച്ച ലോകകപ്പ്. ഖത്തറിലെ കാല്‍പ്പന്ത് മാമാങ്കത്തെ ഇങ്ങനെ വിശേഷിപ്പിച്ചത് മറ്റാരുമല്ല, ലോക ഫുട്ബോള്‍ ഫെഡറേഷന്റെ അതികായന്‍ ജിയോനി ഇന്‍ഫെന്റിനോയാണ്. അദ്ദേഹമത് പറയും മുമ്പേ ലോകം അത് കണ്ടതാണ്. പലരും അത് പറഞ്ഞതാണ്. ഇതുപോലൊരു ലോകകപ്പ് ഇന്നേവരെ കണ്ടിട്ടില്ലെന്ന്. ഉദ്ഘാടന ദിനം മുതല്‍ തുടങ്ങിയ ആതിഥേയത്വവും വിസ്മയപ്രകടനങ്ങളും അത്ഭുതചിന്തകളും ഏറ്റവുമൊടുവില്‍ ഫൈനല്‍ ദിനത്തിലെ മാസ്മരികതയും കണ്ട ലോകം അത് സമ്മതിച്ചിരിക്കുന്നു.

ലോകകപ്പിന് വേദി ലഭിച്ച അന്നുമുതല്‍ ഖത്തറിനെതിരേ നടന്ന വിമര്‍ശനങ്ങള്‍ക്കും വ്യാജപ്രചരണങ്ങള്‍ക്കുമെല്ലാം ഉല്‍സവാന്തരീക്ഷത്തോടെയുള്ള പുഞ്ചിരിയിലൂടെയാണ് ഖത്തര്‍ മറുപടി നല്‍കിയത്. ഒടുവില്‍ വിമര്‍ശകര്‍ പോലും ഒരേ സ്വരത്തില്‍ പറയുന്നു, ഖത്തര്‍ ലോകകപ്പ് വിസ്മയങ്ങളുടെ കലവറ തന്നെയെന്ന്. അതേ ഖത്തര്‍ ലോകത്തെയാകെ ഞെട്ടിച്ച്, വിശ്വ കായിക മല്‍സരങ്ങളുടെ തലസ്ഥാനമെന്ന പദവിയിലേക്കാണ് ജൈത്രയാത്ര നടത്തുകയാണ്.


ലോകകപ്പ് തുടങ്ങും മുമ്പേ ഖത്തറിനെതിരേ ആരോപണ ശരങ്ങളാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഉന്നയിച്ചത്. ഉദ്ഘാടന ദിവസം തന്നെ അതിന് ഫിഫാ പ്രസിഡന്റ് ജിയോനി ഇന്‍ഫെന്റിനോ മുഖമടച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ 3000 വര്‍ഷം കൊണ്ട് നമ്മള്‍ യൂറോപ്പുകാര്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷമെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ നമ്മള്‍ ഇറങ്ങാന്‍ പാടുള്ളൂ. ഈ മറുപടി മാത്രം മതിയായിരുന്നു വിമര്‍ശകരുടെ വായടിപ്പിക്കാന്‍. അറേബ് നാട്ടിലെ ആദ്യ ലോകകപ്പിന് ഖത്തറിനൊപ്പം എല്ലാ അറബ് രാജ്യങ്ങളും തോളോടുതോളുരുമ്മി നിലയുറപ്പിച്ചതായിരുന്നു അവരുടെ ആദ്യവിജയം.

ആതിഥേയത്വത്തിനായി ഖത്തര്‍ ഫിഫയ്ക്ക് വന്‍ തുക കൈക്കൂലി നല്‍കിയെന്നായിരുന്നു ആദ്യത്തെ പൊയ് വെടി, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്നായിരുന്നു അടുത്ത ആരോപണം. തുടര്‍ന്ന് ഖത്തറിന്റെ ദേശീയ നയങ്ങള്‍ക്കെതിരേ പാശ്ചത്യരുടെ നിരന്തരം എതിര്‍പ്പുയര്‍ത്തി. ഒടുവില്‍ സ്വവര്‍ഗ്ഗ രതി, മദ്യം, സ്ത്രീകളുടെ വസ്ത്രധാരണം അങ്ങനെ തൊട്ടതെല്ലാം പറഞ്ഞ് സംഘാടനത്തെ വിമര്‍ശിക്കാന്‍ ശ്രമിച്ചു.


2010നും 2021നും ഇടയില്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ ജോലിക്കിടെ 6500ലധികം കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളുടെ ഏറ്റവും വലിയ ആരോപണം. ഇതിനെ അതിജീവിക്കലായിരുന്നു ഖത്തറിന്റെ ഏറ്റവും വലിയ വെല്ലുവിളിയും. കുടിയേറ്റ തൊഴിലാളികളുടെ മരണം ആരോപിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ വരെ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ശ്രമിച്ചു. ലോകകപ്പിന്റെ വേദി മാറ്റണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടു.

ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ലോകരാജ്യങ്ങള്‍ക്കെതിരേ ഫിഫ രംഗത്ത് വന്നതും ഖത്തറിന്റെ ജയമായിരുന്നു. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും ഫിഫ തയ്യാറായി. എന്നാല്‍ ഖത്തര്‍ അവരുടെ ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയി. കൂട്ടിന് ഫിഫയും ഇന്‍ഫെന്റിനോയും കൂടിയായതോടെ ഖത്തര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയായിരുന്നു.



2006ലെ ഏഷ്യന്‍ ഗെയിംസിന്റെ വിജയത്തിന് ശേഷമാണ് ലോകകപ്പിന് ദോഹയെ വേദിയാക്കണമെന്ന മോഹം ഖത്തറിന് ഉണ്ടായത്. തുടര്‍ന്ന് അതിനുള്ള ചര്‍ച്ചകള്‍ ഖത്തര്‍ തുടങ്ങി. ഖത്തര്‍ ലോകകപ്പ്് ഏറ്റവും വലിയ വിജയമാക്കിയതിന് പിന്നില്‍ ഭരണാധികാരിയായ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ്. പിതാവും ആധുനിക ഖത്തറിന്റെ ശില്‍പ്പിയുമായ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയാണ് ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിന് പിന്നിലെ ആദ്യ കരങ്ങള്‍. വേദിയൊരുക്കാനുള്ള ആശയവും അതിനെ പിന്നിലെ ചര്‍ച്ചകള്‍ക്കെല്ലാം തുടക്കമിട്ടത് പിതാവ് തന്നെയായിരുന്നു. തുടര്‍ന്നാണ് മകന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു ആതിഥേയ രാജ്യവും ഇന്നോളം നേരിടാത്ത വിമര്‍ശനങ്ങളാണ് ഖത്തര്‍ നേരിട്ടത്. ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമാദ് ബിന്‍ ഖലീഫാ അല്‍ത്താനിയാണ് വേദിയ്ക്കായി ലോക രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയത്.

വോട്ടിങിനായി എല്ലാ രാജ്യങ്ങളിലും എത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഖത്തറിന്റെ ആതിഥേയത്വം ഉറപ്പിക്കാന്‍ കഴിഞ്ഞത് ഇളയ അമീറിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. 2010 ഡിസംബര്‍ 12നാണ് സൂറിച്ചിലെ ഫിഫയുടെ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പില്‍ ഖത്തറിന്റെ ആതിഥേയത്വം അന്നത്തെ പ്രസിഡന്റ് സ്റ്റെപ്പ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ തുടങ്ങിയതാണ് ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങള്‍. കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇന്ന് കണ്ട അവിസ്മരണീയ മാമാങ്കം.



2022ല്‍ ലോകത്തിന് വേണ്ട ഏറ്റവും വലിയ ആധുനികസാങ്കേതിക സൗകര്യങ്ങള്‍ക്കാണ് ഖത്തര്‍ 12 വര്‍ഷം മുമ്പ് തന്നെ തുടക്കമിട്ടത്. ഖത്തറിന്റെ ഈ ദീര്‍ഘവീക്ഷണത്തെ ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം കൈയ്യടിക്കുകയാണ്. ദുര്‍ഘടമായ പല തടസ്സങ്ങളും നേരിട്ടാണ് ഖത്തര്‍ ഈ ലോകകപ്പ് നടത്തിയത്. യൂറോപ്പിന്റെ വിമര്‍ശനങ്ങള്‍ കുന്നോളം തലയില്‍ വച്ചാണ് പൊരുതിയത്. ഒരു വേള ലോകകപ്പ് വേദി നഷ്ടപ്പെടുമോ എന്ന ആധിയും ഖത്തറിനുണ്ടായിരുന്നു. നിരവധി രാജ്യങ്ങള്‍ ബഹിഷ്‌കരണ ഭീഷണിയുമായി മുന്നില്‍ ഉണ്ടായിരുന്നു. എല്ലാറ്റിനെയും അതിജീവിച്ചാണ് ഖത്തറിന്റെ മിന്നുംജയം. ഫുട്ബോള്‍ ആരുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ചാണ് ഖത്തര്‍ അമീര്‍ വിമര്‍ശകര്‍ക്ക് പുഞ്ചിരിയോടെ മറുപടി നല്‍കിയത്.



സ്റ്റേഡിയങ്ങളുടെ രൂപഭംഗിയാണ് ഖത്തറിന്റെ ഏറ്റവും വലിയ വിജയം. 12വര്‍ഷം കൊണ്ടുള്ള ഖത്തറിന്റെ വളര്‍ച്ച ഏതൊരു ലോകരാജ്യത്തിനും അവിശ്വസനീയമായ ഒന്നാണ്. മെട്രോയും എക്സ്പ്രസ് ഹൈവേകളും യൂറോപ്പ്യന്‍ മോഡലുകളില്‍ ഉള്ള നിരവധി ടൗണ്‍ഷിപ്പുകളും ആസൂത്രിത നഗരങ്ങളുമാണ് ഖത്തര്‍ ലോകകപ്പിന് വിരുന്നൊരുക്കാനായി തയ്യാറാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ ലൂസെയ്ല്‍ സിറ്റിയെ കായികമാമാങ്കത്തിനായി അവര്‍ മാറ്റിമറിച്ചു.

മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍, ആകാശം മുട്ടെയുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള 22 ഹോട്ടലുകള്‍. എട്ട് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള യാത്രകള്‍. എല്ലാംെേ മ്രട്രാ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയത് തന്നെ ഖത്തറിന്റെ മറ്റൊരു വിജയം. ലോകകപ്പിന് മാത്രമായി ഒരു പൊതുഗതാഗതം രൂപപ്പെടുത്തിയ ലോകത്തെ ആദ്യരാജ്യമെന്ന പദവിയും ഖത്തറിന് സ്വന്തം. ദോഹ മെട്രോയാണ് ലോകകപ്പിനായി രൂപം കൊണ്ടത്. 2019ഓടെ ഇതിന്റെ ഉദ്ഘാടനവും നടന്നു.



ലോകകപ്പിനായി ഒരുക്കിയ ഖത്തറിന്റെ ഗതാഗത സൗകര്യങ്ങള്‍ക്ക് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒന്നടങ്കം കൈയ്യടിക്കുകയാണ്. ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോഴും യാതൊരു ട്രാഫിക്ക് ജാമുമില്ലാതെയാണ് ആളുകള്‍ ഒഴിഞ്ഞുപോവുന്നത്. ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കുള്ള യാത്രാസമയവും വളെര ചുരുങ്ങിയതാണ്. മെട്രോയുടെ സേവനം ഒന്ന് കൊണ്ട് മാത്രമാണ് ഗതാഗതം എളുപ്പമാക്കിയത്. ഏഴ് സ്റ്റേഡിയങ്ങളില്‍ നിന്നുള്ള യാത്രകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഗതാഗതം. ചുരുങ്ങിയ സമയം കൊണ്ട് ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കുള്ള എളുപ്പമാര്‍ന്ന സൗകര്യം മുമ്പ് ഒരു ലോകകപ്പിലും കാണാനായിട്ടില്ലെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ തന്നെ സമ്മതിക്കുന്നു. അറബ് സംസ്‌കാരവും അതിന്റെ തനിമയും ലോകത്തിന് പരിചയപ്പെടുത്തണമെന്ന ഖത്തറിന് മോഹവും സാക്ഷാല്‍ക്കരിച്ചിരിച്ചു.


ലോകകപ്പിനായെത്തിയ കാണികള്‍ അറബ് സംസ്‌കാരത്തെ നെഞ്ചിലേറ്റിയതും ടൂര്‍ണമെന്റിന്റെ വിജയമാണ്. സന്ദര്‍ശകരോട് ഖത്തര്‍ കാണിക്കുന്ന ആഥിത്യമര്യാദ ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഉദ്ഘാടന ചടങ്ങിലുട നീളം അറബ് സംസ്‌കാരത്തിന്റെ വൈവിധ്യമാര്‍ന്ന പരിപാടികളായിരുന്നു. സ്ത്രീ സൗഹൃദകുടുംബ സൗഹൃദ ലോകകപ്പാണ് ഖത്തറില്‍ നടന്നത്. മദ്യത്തിനുള്ള വിലക്ക് മറ്റൊരു വിജയമായിരുന്നു. ഇതിനാല്‍ യാതൊരു അക്രമ സംഭവങ്ങളും അരങ്ങേറിയില്ല. വസ്ത്ര ധാരണത്തില്‍ ഖത്തര്‍ പുറപ്പെടുവിച്ച മാനദണ്ഡവും ലോകകപ്പിന് അഴക് കൂട്ടി. ശരീരം മറച്ച് സ്ത്രീകള്‍ ലോകകപ്പിനെത്തിയത് ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

ഇതിലൂടെ ഖത്തര്‍ ലോകത്തിന് കാണിച്ച് കൊടുത്തത് ഖത്തറിന്റെ സംസ്‌കാരമായിരുന്നു. ഇങ്ങനെയും ലോകകപ്പ് നടത്താമെന്ന് ഖത്തര്‍ ഏവര്‍ക്കും കാണിച്ചുകൊടുത്തു. മറ്റ് ലോകകപ്പുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കാണികളായെത്തിയ റെക്കോഡും ഖത്തറിന് സ്വന്തമായി. സ്ത്രീകള്‍ക്ക് ഖത്തര്‍ ഒരുക്കിയ സുരക്ഷ തന്നെയാണ് ഇതിന് കാരണം. ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും വലിയ പരിഗണന നല്‍കിയ ലോകകപ്പായിരുന്നു. അവര്‍ക്ക് മാത്രമായി പ്രത്യേക സോണുകളും അവരെ സേവിക്കാനായി പ്രത്യേക വോളന്റിയര്‍മാരെയും ഖത്തര്‍ തയ്യാറാക്കിയിരുന്നു.



ചരിത്രത്തിലാധ്യമായി ലോകകപ്പ് സംപ്രേക്ഷണത്തിലും ഖത്തര്‍ പുതുചരിത്രം സൃഷ്ടിച്ചു. രണ്ട് ബില്ല്യണിലധികം ടി വി പ്രേക്ഷകരെ ലോകകപ്പിന് ലഭിച്ചത് അതിന്റെ സ്വീകാര്യതയെ കാണിക്കുന്നു. ലോക ഫുട്ബോളിലെ മുന്‍ നിര സ്റ്റേഡിയങ്ങളെ വെല്ലുന്ന എട്ട് സ്റ്റേഡിയങ്ങള്‍ തന്നെയായിരുന്നു ഖത്തറിന്റെ ഏറ്റവും വലിയ മനോഹാരിത. സ്റ്റേഡിയത്തിന് പുറത്ത് ഖത്തര്‍ ഒരുക്കിയ വര്‍ണ വിസ്മയങ്ങള്‍ ഒന്ന് വേറെ തന്നെയാണ് . സന്ദര്‍ശകരെ മാടി വിളിക്കുന്ന സൗകര്യങ്ങളാണ് ഓരോ സ്റ്റേഡിയങ്ങള്‍ക്കു മുന്നിലുമുള്ളത്. ഓരോ സ്റ്റേഡിയങ്ങള്‍ക്ക് പുറത്തും ഭീമന്‍ സ്‌ക്രീനുകള്‍ ഒരുക്കി. കൂറ്റന്‍ സ്‌ക്രീനില്‍ മല്‍സരം കാണാനെത്തുന്നവരുടെ ദിനേനയുള്ള എണ്ണവും ഞെട്ടിപ്പിക്കുന്നതായിരുന്നു.


ഖത്തര്‍ എന്ന ചെറുരാജ്യം ലോകകപ്പിന് വേണ്ടി ഒന്നാകെ മാറുകയായിരുന്നു. ലോകകപ്പിനായി ഒരു പുതിയ ലോകം തന്നെ അവര്‍ സൃഷ്ടിച്ചു.ലോകകപ്പിന് വേദിയാവാന്‍ പേര് നല്‍കുമ്പോള്‍ ഖത്തറിന്റെ കൈയിലുള്ളത് ഒരേ ഒരു സ്റ്റേഡിയം മാത്രമാണ്. ബാക്കിയുള്ള ഏഴ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചത് 11 വര്‍ഷമെന്ന ചെറുകാലയളവിലും. ഖത്തര്‍ ലോകകപ്പ് അത്ഭുങ്ങളുടെയും വിസ്മയങ്ങളുടെയും കലവറയാണ് എന്ന വാക്ക് ഖത്തര്‍ പ്രാവര്‍ത്തികമാക്കി.

ഖത്തറിന്റെ രാജശില്‍പ്പിയായ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെ നയമാണ് കായിക മേഖലയിലൂടെ രാജ്യത്തിന്റെ വളര്‍ച്ച. ആ നയങ്ങള്‍ക്ക് മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജീവന്‍ നല്‍കുകയായിരുന്നു. ലോകത്ത് ദേശീയ അവധി നല്‍കി കായിക ദിനം ആഘോഷിക്കുന്ന ഒരേ ഒരു രാജ്യവും ഖത്തര്‍ തന്നെ. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ എന്നും സൂക്ഷിച്ച് വയ്ക്കാവുന്ന 28 സുന്ദര രാവുകളൊരുക്കിയ ഖത്തറാണ് ലോകകപ്പിലെ യഥാര്‍ത്ഥ വിജയി.

Next Story

RELATED STORIES

Share it