Big stories

ബെംഗളൂരുവിനെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

ജസ്റ്റിസ് വി ശ്രീശാനന്ദയാണ് പശ്ചിമ ബെംഗളൂരുവിലെ മുസ് ലിംകള്‍ കൂടുതലുള്ള ഗോരി പാല്യ പ്രദേശത്തെ പാകിസ്താന്‍ എന്ന് പരാമര്‍ശിച്ചത്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തുറന്ന കോടതിയിലാണ് ജഡ്ജിയുടെ വിവാദപരാമര്‍ശം.

ബെംഗളൂരുവിനെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
X

ബെംഗളൂരു: മുസ് ലിംകള്‍ കൂടുതലുള്ള ബെംഗളൂരുവിലെ പ്രദേശത്തെ പാക്‌സിതാനെന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. ജസ്റ്റിസ് വി ശ്രീശാനന്ദയാണ് പശ്ചിമ ബെംഗളൂരുവിലെ മുസ് ലിംകള്‍ കൂടുതലുള്ള ഗോരി പാല്യ പ്രദേശത്തെ പാകിസ്താന്‍ എന്ന് പരാമര്‍ശിച്ചത്. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തുറന്ന കോടതിയിലാണ് ജഡ്ജിയുടെ വിവാദപരാമര്‍ശം. സംഭവത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയും കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപോര്‍ട്ട് തേടുകയും ചെയ്തു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപോര്‍ട്ട് തേടിയത്.

'ആ മൈസൂര്‍ റോഡ് ഫ്‌ളൈ ഓവറിലേക്ക് പോവൂ. ഓരോ ഓട്ടോറിക്ഷയിലും 10 പേരാണുള്ളത്. ഗോരി പാല്യയില്‍ നിന്ന് പൂ മാര്‍ക്കറ്റ് വരെയുള്ള മൈസൂര്‍ മേല്‍പ്പാലം ഇന്ത്യയിലല്ല, പാകിസ്താനിലായതിനാല്‍ ഇത് ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. ഇതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ എത്ര കര്‍ക്കശമായ പോലിസ് ഉദ്യോഗസ്ഥനെ അവിടെ നിയോഗിച്ചാലും അവര്‍ അവിടെ മര്‍ദിക്കപ്പെടുമെന്നാണ് ജസ്റ്റിസ് ശ്രീശാനന്ദ പറഞ്ഞത്. ഇതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആഗസ്ത് 28ന് നടന്ന വാദം കേള്‍ക്കുന്നതിനിടെയാണ് ജഡ്ജിയുടെ നിരീക്ഷണം. പാട്ടക്കരാറും ഭൂഉടമയുടെ അധികാരങ്ങളും സംബന്ധിച്ച തര്‍ക്കത്തിലെ വാദത്തിനിടെയാണ് പരാമര്‍ശം. വാടക നിയന്ത്രണ നിയമവും മോട്ടോര്‍ വാഹന നിയമവും ഉള്‍പ്പെടെ നിരവധി നിയമങ്ങളില്‍ ആവശ്യമായ ചില ഭേദഗതികള്‍ കോടതി ചര്‍ച്ച ചെയ്തതായാണ് വീഡിയോയില്‍ പറയുന്നത്. 'വിദേശ രാജ്യങ്ങളിലെ' വാഹനങ്ങള്‍ എങ്ങനെയാണ് കര്‍ശനമായ അച്ചടക്കം, വേഗപരിധി മുതലായവ പാലിക്കേണ്ടതെന്ന് സംസാരിച്ച ശേഷമാണ് ജഡ്ജിയുടെ പാകിസ്താന്‍ പരാമര്‍ശം.

ജസ്റ്റിസ് വി ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശം വെള്ളിയാഴ്ച സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍(എജി) ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍(എസ്ജി) തുഷാര്‍ മേത്ത എന്നിവരുടെ സഹായവും കോടതി തേടിയിട്ടുണ്ട്. ജുഡീഷ്യല്‍ നടപടികള്‍ക്കിടെ കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ശ്രീശാനന്ദ നടത്തിയ ചില അഭിപ്രായങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ എജിയോടും എസ്ജിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെടുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് ഭരണപരമായ നിര്‍ദേശങ്ങള്‍ തേടിയ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കാമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ചില അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് ശ്രീശാനന്ദയുടെ രണ്ട് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പാകിസ്താന്‍ പരാമര്‍ശമുള്ളതിനു പുറമെ എതിര്‍കക്ഷിയുടെ അഭിഭാഷകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയതിന് ഒരു വനിതാ അഭിഭാഷകയെ ശാസിക്കുന്നതാണ് മറ്റൊന്ന്. എതിര്‍ കക്ഷിയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാമെന്ന് തോന്നുന്നുവെന്നും അടുത്തതായി അയാളുടെ അടിവസ്ത്രത്തിന്റെ നിറം പോലും അവള്‍ വെളിപ്പെടുത്തിയേക്കാമെന്നും ജഡ്ജി തമാശയായി വനിതാ അഭിഭാഷകയോട് പറയുന്നതും വിവാദമായിരുന്നു.

Next Story

RELATED STORIES

Share it