Latest News

8 കോടി കൈക്കൂലി ആരോപണം; സമീര്‍ വാങ്കെഡെയുടേത് മികച്ച സര്‍വീസ് റെക്കോഡെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

8 കോടി കൈക്കൂലി ആരോപണം; സമീര്‍ വാങ്കെഡെയുടേത് മികച്ച സര്‍വീസ് റെക്കോഡെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
X

മുബൈ: ആഢംബരക്കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖാനെതിരേ നടപടിയെടുത്ത സമീര്‍ വാങ്കെഡെ മികച്ച സര്‍വീസ് റെക്കോഡുള്ള ഉദ്യോഗസ്ഥനാണെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. വാങ്കഡെക്കെതിരേയുള്ള കൈക്കൂലിക്കേസും ജനനരേഖയുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികിന്റെ ആരോപണങ്ങളും ഏജന്‍സി തളളി.

ആഢംബരക്കപ്പല്‍ കേസില്‍ വാങ്കെഡെ ഇന്ന് രാവിലെ മുബൈ പ്രത്യേക കോടതിയില്‍ സ്വന്തം നിലക്ക് സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ കേസില്‍ മറ്റൊരു സത്യവാങ് മൂലം ഏജന്‍സിയ്ക്കുവേണ്ടിയും സമര്‍പ്പിച്ചിട്ടുണ്ട്. വാങ്കെഡെയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേരിനെച്ചൊല്ലിയുള്ള നവാബ് മാലിക്കിന്റെ ആരോപണത്തെക്കുറിച്ചാണ് വാങ്കെഡെ കോടതിയില്‍ ആദ്യത്തെ സത്യവാങ് മൂലം സമര്‍പ്പിച്ചത്.

'വ്യാജരേഖാ നിര്‍മാണം ഇവിടെ തുടങ്ങുന്നു'വെന്നാണ് വാങ്കെഡെയുടെ ജനനരേഖ പുറത്തുവിട്ട് മാലിക് ട്വീറ്റ് ചെയ്തത്. വാങ്കെഡെയുടെ ജനനരേഖയില്‍ അദ്ദേഹത്തിന്റെ പേരായി സൂചിപ്പിച്ചിരിക്കുന്നത് സമീര്‍ ദാവൂഡ് വാങ്കഡെയെന്നാണ്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പേര് സമീര്‍ ദ്യാന്‍ദേവ് വാങ്കെഡെയെന്നാണ്. സമീര്‍ വാങ്കഡെയുടെ പിതാവ് ഹിന്ദുവും മാതാവ് മുസ് ലിമുമാണ്.

പ്രമുഖനായ ഒരു രാഷ്ട്രീയനേതാവ് തനിക്കെതിരേ വ്യക്തിപരമായി ആക്രമണമഴിച്ചുവിട്ടിരിക്കുകയാണെന്നും രാഷ്ട്രീയനേതാവിന്റെ ബന്ധു മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടതിന്റെ പ്രതികാരമാണ് ഇതെന്നുമാണ് വാങ്കെഡെയുടെ ആരോപണം. മന്ത്രിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സമീര്‍ വാങ്കെഡെ മുംബൈ പോലിസിന് കത്തെഴുതിയിട്ടുണ്ട്.

രണ്ടാമത്തെ സത്യവാങ് മൂലം സമീര്‍ വാങ്കെഡെക്കെതിരേ ഉന്നയിക്കപ്പെട്ട 8 കോടി രൂപയുടെ കൈക്കൂലി ആരോപണത്തിലാണ്. നര്‍കോട്ടിക്‌സ് ബ്യൂറോയുടെ ഒന്നാം സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആണ് ആരോപണം ഉന്നയിച്ചത്.

ഇതേ കേസിലെ മറ്റൊരു സാക്ഷിയായ ഗോസവിയുടെ ബോഡി ഗാര്‍ഡായ പ്രഭാകര്‍ പറയുന്നത് 25 കോടി രൂപ സാം ഡിസൂസയെന്നയാളും ഗോസവിയും ചേര്‍ന്ന് ഷാരൂഖ് ഖാന്റെ മാനേജറുടെ പക്കല്‍ നിന്ന് കൈപ്പറ്റിയെന്നും അതില്‍ എട്ട് കോടി വാങ്കെഡെക്കാണെന്നുമാണ്. ഡിസൂസയും ഗോസവിയും തമ്മിലുള്ള സംഭാഷണം താന്‍ കേട്ടെന്നും പണം വാങ്ങിയ ശേഷം ഗോസവിയെ കാണാനില്ലെന്നും പ്രഭാകര്‍ പറയുന്നു. തന്റെ ജീവനില്‍ ഭീഷണിയുണ്ടെന്നാണ് ഇപ്പോള്‍ ഇത് തുറന്നുപറയുന്നതിന് കാരണമെന്നും പ്രഭാകര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രഭാകര്‍ സെയ്ല്‍ കൂറുമാറിയെന്നും നര്‍കോട്ടിക്‌സ് ബ്യൂറോ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it