Latest News

ചാരായം വാറ്റുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും കവര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും ടോര്‍ച്ചുമാണ് മോഷണം പോയത്.

ചാരായം വാറ്റുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും കവര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
X

കൊല്ലം: ചാരായം വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും ടോര്‍ച്ചും കവര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചടയമംഗലം എക്‌സൈസ് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇളമ്പഴന്നൂര്‍ സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. വാറ്റ് കേസിലെ പ്രതി നല്‍കിയ പരാതിയില്‍ ചിതറ പോലിസാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്.

2023 ഡിസംബര്‍ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്‌സൈസിന് വിവരം കിട്ടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. ഒന്നരമാസത്തെ റിമാന്‍ഡിന് ശേഷം വീട്ടിലെത്തിയ പ്രതി സ്വര്‍ണം മോഷണം പോയെന്ന് അറിയുകയായിരുന്നു. അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും ടോര്‍ച്ചുമാണ് മോഷണം പോയത്. ഇതോടെ പോലിസില്‍ പരാതി നല്‍കി.

പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് വാറ്റുകാരന്‍ കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. ഇതില്‍ അന്വേഷണം നടത്തിയ പോലിസ് കേസ് തെളിയിക്കാന്‍ ആയില്ലെന്ന് പറഞ്ഞ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് വാറ്റുകാരന്‍ കോടതിയില്‍ പരാതി നല്‍കി. ഈ കേസിലെ നടപടികള്‍ക്കിടയിലാണ് വാറ്റുകാരന്റെ ഫോണ്‍ ഷൈജുവിന്റെ കൈവശമുണ്ടെന്ന് പോലിസ് അറിയുന്നത്. ഇതോടെയാണ് ഷൈജു കുടുങ്ങിയത്. സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it