Latest News

ലഖിംപൂര്‍ ഖേരി: മെല്ലപ്പോക്ക് അനുവദിക്കില്ല; യുപി സര്‍ക്കാരിനെതിരേ സുപ്രിംകോടതി

ലഖിംപൂര്‍ ഖേരി: മെല്ലപ്പോക്ക് അനുവദിക്കില്ല; യുപി സര്‍ക്കാരിനെതിരേ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധക്കാരെ കാറിടിപ്പിച്ചു കൊന്ന കേസില്‍ യുപി സര്‍ക്കാരിനെതിരേ സ്വരം കടുപ്പിച്ച് സുപ്രിംകോടതി. ലഖിംപൂര്‍ ഖേരി സംഭവത്തിലെ അന്വേഷണത്തില്‍ യുപി സര്‍ക്കാരിന്റേത് മെല്ലെപ്പോക്കാണെന്നും അത് അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. കേസിന്റെ തല്‍സ്ഥിതി റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരിവിട്ടു. എല്ലാ സാക്ഷികളെയും ജുഡീഷ്യല്‍ ഉദ്യോഗസ്ഥനു മുന്നില്‍ വിസ്തരിക്കാനും മൊഴിനല്‍കാനുള്ള അവസരമൊരുക്കാനും കോടതി നിര്‍ദേശിച്ചു.

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിനാണ് പ്രതിഷേധിക്കാനെത്തിയ കര്‍ഷകരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജിത് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി മരിച്ചു. 44 സാക്ഷികളില്‍ യുപി സര്‍ക്കാര്‍ ഇതുവരെ നാല് പേരുടെ മൊഴിമാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.

ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് ഒക്ടോബര്‍ 26നു വീണ്ടും പരിഗണിക്കും.

കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ മകന്റെ വാഹനം കര്‍ഷകരെ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Next Story

RELATED STORIES

Share it