Big stories

ലഖിംപൂര്‍ ഖേരി; പോലിസും ജനങ്ങളും രണ്ട് ചേരിയിലാവുമ്പോള്‍

ലഖിംപൂര്‍ ഖേരി; പോലിസും ജനങ്ങളും രണ്ട് ചേരിയിലാവുമ്പോള്‍
X

കെ എച്ച് നാസര്‍

ഏതു കുറ്റകൃത്യവും ആസൂത്രിതമാണെങ്കില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്കു മാത്രമുള്ളതാണ് ഞെട്ടല്‍ എന്നത്. ലജ്ജ, മാനാഭിമാനം, കുറ്റബോധം തുടങ്ങി തീര്‍ത്തും മാനുഷികമായ വിചാരവികാരങ്ങളൊന്നും വംശീയകുറ്റവാളികളെ ബാധിക്കാറില്ലെന്ന് ചരിത്രം പറയുന്നു. അത്രമേല്‍ സ്വാര്‍ഥരാവും അവര്‍. ലഖിംപൂര്‍ കര്‍ഷകക്കൂട്ടക്കൊലയിലും ത്രിപുര മുസ്‌ലിം വേട്ടയിലും ഹഥ്്‌റാസ് കൂട്ട ബലാല്‍സംഗത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിലും പൗരത്വഭേദഗതി നിയമത്തിലും രാജ്യചരിത്രംതന്നെ തച്ചുടയക്കുന്നതിലുമൊക്കെ ഞെട്ടല്‍ എന്ന വികാരം നമുക്കുള്ളതുമാത്രമാണ്. അതെല്ലാം ആസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്യുന്ന ഭരണകൂടത്തിനോ ഭരണകൂട രാഷ്ട്രീയത്തിനോ ഉള്ളതല്ല.

ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രിംകോടതിയുടെ അന്തിമവിധി വന്നപ്പോള്‍ ജനാധിപത്യ മതേതര വിശ്വാസികളും ലോകമനസ്സാക്ഷിയും മാത്രമേ ഞെട്ടിയിട്ടുള്ളൂ. ബാബരി മസ്ജിദ് തകര്‍ത്തവര്‍ക്ക് ഞെട്ടേണ്ട കാര്യമില്ല. ഇപ്പോള്‍ ലഖിംപൂര്‍ കര്‍ഷകക്കുരുതിയുടെയും ത്രിപുര മുസ്‌ലിം വേട്ടയുടെയും വിശദാംശങ്ങള്‍ പുറത്തുവരുമ്പോഴും സംഭവിക്കുന്നത് അതുതന്നെയാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഭരണകൂട രാഷ്ട്രീയം കോമ്പല്ലും കൊലച്ചിരിയും ഒളിപ്പിച്ചുവച്ച് സാകൂതം അതെല്ലാം നോക്കിക്കാണുകയാണ്. ഞെട്ടാന്‍ ശേഷിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ മതേതര മനസ്സും നീതിബോധവും മാത്രം.

മഹത്തായ ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ പുകഴ്ത്തിപ്പാടിയ ചില ലോകരാഷ്ട്രങ്ങളും ഞെട്ടുന്നുണ്ടാവണം; അത്രമാത്രം. ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ഉള്ളതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഒന്ന് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. മറ്റൊന്ന് ബിജെപി നേതാക്കളുടെ വാഹന വ്യൂഹത്തെ കര്‍ഷകര്‍ ആക്രമിച്ചത്. വാദത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായപ്പോഴാണ് ചോദിക്കുന്നത് ആദ്യത്തെ കേസിനെ കുറിച്ചാണെന്ന് അന്ന് സുപ്രിംകോടതിക്ക് പറയേണ്ടിവന്നത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും കേസിലെ ഒന്നാം പ്രതിയുമായ ആശിഷ് മിശ്രയോട് ചോദ്യം ചെയ്യുന്നതിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടിസ് കൊടുത്തിട്ടുണ്ടെന്നായിരുന്നു യുപി പോലിസ് വാദം. എല്ലാ കേസിലെയും പ്രതികളോട് താങ്കള്‍ ദയവായി വന്നാലും, ഇരുന്നാലും, കാര്യങ്ങള്‍ പറഞ്ഞാലും എന്നുതന്നെയാണോ പോലിസ് ചോദിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

ആവശ്യമെങ്കില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉപായത്തിനും കോടതി കണക്കിനു കൊടുത്തു. പ്രതിസ്ഥാനത്തുള്ളത് ആരാണെന്ന് അറിയില്ലേ, അത്തരം അന്വേഷണംകൊണ്ട് എന്താണു കാര്യമെന്നായിരുന്നു കോടതി ചോദിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ന് യുപി പോലിസ് എന്നാല്‍ ലക്ഷണമൊത്ത ബിജെപി പോലിസ് എന്നുതന്നെയാണ് അര്‍ഥം. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ അനുഭവവും കള്ളക്കേസില്‍ കുടുക്കി യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു യുവാക്കളുടെ അനുഭവവും അവരെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയ ഉമ്മമാരുടെ അനുഭവവുമെല്ലാം ഈ ബിജെപി പോലിസിന്റെ സംഭാവനകളാണ്.

ആ ബിജെപി പോലിസിനെയാണ് കഴിഞ്ഞദിവസം സുപ്രിംകോടതി വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു വിട്ടത്. പക്ഷേ, എന്തുചെയ്യാം, നാണമില്ലാത്തവന്റെ ആസനത്തില്‍ മുളച്ച ആലുപോലെയാണ് യോഗി ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കള്‍ക്ക് പോലിസ്. ആശിഷ് മിശ്ര പ്രതിയായ കേസ് ദുര്‍ബലപ്പെടുത്താന്‍ യുപി പോലിസ് കരുനീക്കം നടത്തുന്നുവെന്ന ആശങ്കതന്നെയാണ് സുപ്രിംകോടതി പ്രകടിപ്പിച്ചിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെ ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിയെ അന്വേഷണ മേല്‍നോട്ടത്തിനു നിയോഗിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത് ആ ആശങ്കയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. നേരത്തേ പറഞ്ഞ രണ്ടു കേസുകളുടെയും എഫ്‌ഐആറുകള്‍ ഒന്നിച്ചു ചേര്‍ത്താണ് യുപി പോലിസ് അന്വേഷിക്കുന്നത്. ഇത് മന്ത്രിപുത്രന്‍ പ്രതിയായ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ കേസ് ദുര്‍ബലപ്പെടുത്തുമെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചിരിക്കുന്നത്. തങ്ങള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയതില്‍ രോഷാകുലരായ കര്‍ഷകര്‍ വാഹനത്തില്‍നിന്ന് മൂന്നുപേരെ വലിച്ചിറക്കി തല്ലിക്കൊന്നുവെന്ന രണ്ടാമത്തെ കേസാണ് യുപി പോലിസ് കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കമാണ് കോടതി തിരിച്ചറിഞ്ഞത്. അതിന് കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാണ്. അന്വേഷണം രണ്ടു കേസിലും വെവ്വേറെ നടത്തണം, സാക്ഷിമൊഴികള്‍ വെവ്വേറെ രേഖപ്പെടുത്തണം. രണ്ടു കേസുകളുടെയും തെളിവുകള്‍ കൂടിക്കലര്‍ന്നാല്‍ പ്രധാന പ്രതികള്‍ക്കെതിരായ കേസ് ദുര്‍ബലപ്പെടുമെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഒരു പ്രതിക്കുവേണ്ടി ചില സഹായങ്ങള്‍ നല്‍കാന്‍ ശ്രമം നടക്കുന്നതായി കാണുന്നു എന്നുതന്നെയാണ് കോടതി പറഞ്ഞത്. എന്നാല്‍ ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറയുമ്പോള്‍ ചില സഹയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള പ്രതിയാരെന്ന് പത്രം വായിക്കുന്ന കൊച്ചു കുട്ടികള്‍ക്കുപോലും വ്യക്തമാണ്. എന്നിരിക്കെയാണ് യുപിക്കു പുറത്തെ ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തട്ടെയെന്ന് കോടതി പറഞ്ഞത്. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും മുഴുവന്‍ പ്രതികളുടെയും മൊബൈല്‍ ഫോണ്‍ പോലും പോലിസ് പിടിച്ചെടുത്തിട്ടില്ല. അതെന്താ ഒരു പ്രതിക്കു മാത്രമേ ഫോണ്‍ ഉള്ളോ എന്നാണ് അതൃപ്തിയോടെ കോടതി ചോദിച്ചത്. ചില പ്രതികള്‍ ഫോണ്‍ എറിഞ്ഞുകളഞ്ഞുവെന്ന കൊച്ചുകുട്ടികള്‍ നിരത്തുന്ന വാദമാണ് യുപി സര്‍ക്കാര്‍ മറുപടിയായി പറഞ്ഞത്. ഫോണ്‍വിളി രേഖകള്‍ ഉണ്ടെങ്കില്‍ പ്രതികള്‍ ഉണ്ടായിരുന്ന സ്ഥലം കണ്ടെത്തിക്കൂടേ എന്നാണ് കോടതിക്കു തിരിച്ചു ചോദിക്കേണ്ടി വന്നത്. കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ട മക്കളെ കാണാന്‍ പോയ ഉമ്മമാരെയും ഭാര്യയെയും ഏഴുവയസ്സുകാരന്‍ മകനെയും വരെ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റിലെ അപാകത ചൂണ്ടിക്കാട്ടി പിടിച്ചു ജയിലിലിട്ട യുപി പോലിസാണ് കോടിതിയില്‍ നിന്നുവിയര്‍ക്കുന്നത് നമ്മള്‍ കണ്ടത്.

പക്ഷേ, ഇതൊന്നും സംഘപരിവാര സര്‍ക്കാരിനോ സംഘപരിവാര പോലിസിനോ നാണക്കേടോ മാനക്കേടോ അപാകതയോ ആയി തോന്നുന്നില്ല എന്നുള്ളതാണ് വസ്തുത. അതാണ് നമ്മള്‍ പറഞ്ഞു വരുന്നത്. ബോധപൂര്‍വം കുറ്റം മറച്ചുവച്ചു പെരുമാറുന്നതും കുറ്റമാണ് എന്നിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരും അവരുടെ പോലിസും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത് ആ കുറ്റകൃത്യമാണ്. ലഖിംപൂരില്‍ സംഭവസമയത്ത് ആശിഷ് മിശ്രയുടെയും കൂട്ടാളികളുടെയും തോക്കില്‍നിന്ന് വെടിപൊട്ടിയിട്ടുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന ഫോറന്‍സിക് റിപോര്‍ട്ട് പറയുന്നത്. സംഭവസമയത്ത് മൂന്നു തോക്കുകളില്‍നിന്ന് വെടി പൊട്ടിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ആര്‍ക്കും വെടികൊണ്ടിട്ടില്ലെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതേസമയം, മരിച്ച ഒരു കര്‍ഷകന്റെ ദേഹത്ത് വെടിയേറ്റിരുന്നുവെന്ന് കുടംബാംഗങ്ങള്‍ പറഞ്ഞിട്ടുള്ളത് ഫോറന്‍സിക് റിപോര്‍ട്ട് വരുന്നതിനും മുമ്പായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനര്‍ഥം വെടിവയ്പ് ഉണ്ടായി എന്നുതന്നെയാണ്.

കേന്ദ്രമന്ത്രിയെയും മകനെയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത് ഒരു യുപിയിലെ വിഷയം മാത്രമല്ല. ത്രിപുരയില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിംകളാണ് അക്രമികള്‍ എന്നാണ് പോലിസ് പറയുന്നത്. അസമില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കുറ്റം ചുമത്തിയാണ് മുസ്‌ലിംകളെ വെടിവച്ചു കൊല്ലുന്നത്. ചുരുക്കി പറഞ്ഞാല്‍ ബിജെപി പോലിസും രാജ്യത്തെ ജനതയും രണ്ടു ചേരിയില്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ പരാവര്‍ത്തനം ചെയ്യുകയാണ് സംഘപരിവാര ഭരണകൂടങ്ങള്‍ എന്നു വ്യക്തം. ഇതെല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും അല്‍പ്പവും അസ്വസ്ഥമാകാതെ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിവച്ചിരിക്കുന്ന ഭീതിദാവസ്ഥയെയാണ് നാം ഭയപ്പെടേണ്ടത്.

Next Story

RELATED STORIES

Share it