Latest News

മാഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക: എസ്ഡിപിഐ

ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മതിയായ എണ്ണം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍(പിപിഇ) സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം എന്ന് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി, പുതുച്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മാഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക: എസ്ഡിപിഐ
X

മാഹി: പള്ളൂര്‍ പോലിസ് സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോവേണ്ടിവന്ന ഗുരുതര സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ലോക ആരോഗ്യ സംഘടനയുടെ കൊവിഡ് സുരക്ഷ മാനദണ്ഡം പാലിക്കാത്തതിനാലാണ് ഇത്തരമൊരു പ്രതിസന്ധി സംജാതമായതെന്നും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിയില്‍ നിയോഗിച്ച ഭരണകൂടമാണ് ഇക്കാര്യത്തില്‍ കുറ്റക്കാരെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.

വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ ജോലി ചെയ്ത സാഹചര്യത്തില്‍ മാഹിയിലെ ആരോഗ്യ മേഖലയിലും പോലിസ് ഉദ്യോഗസ്ഥരിലും ഇനിയും പോസിറ്റിവ് കേസുകള്‍ ഉണ്ടാവാം. ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മതിയായ എണ്ണം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍(പിപിഇ) സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം എന്ന് എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി, പുതുച്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുള്ള പോലിസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്ലൗസ് മാസ്‌ക് തുടങ്ങിയ അടിസ്ഥാന വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ പോലും സര്‍ക്കാരില്‍ നിന്ന് ലഭ്യമാകാതെ, സന്നദ്ധ പ്രവര്‍ത്തകരോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചോദിക്കേണ്ട അവസ്ഥയാണ് കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് മാഹി മേഖലയില്‍ ഉണ്ടായത്.

മാഹിയില്‍ പോലിസുകാരനും നേഴ്‌സ് ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ച സ്ഥിതിക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരിലും പോലിസ് ഉദ്യോഗസ്ഥരിലും നിര്‍ബന്ധമായും കൊവിഡ്19 പരിശോധന നടത്തേണ്ടതുണ്ട്. സാമൂഹ്യ അകലം, മാസ്‌ക് ധരിക്കല്‍, സോപ്പ് കൊണ്ട് കൈ കഴുകല്‍ തുടങ്ങിയ കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ സ്വയം പാലിക്കണമെന്ന് എസ്ഡിപിഐ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതോടൊപ്പം പള്ളൂരിലെ ഇപ്പോഴുള്ള കണ്ടയ്ന്‍മെന്റ് സോണിലെ മുഴുവന്‍ സ്‌കൂളിലെയും ക്ഷേത്രത്തിലെയും ജീവനക്കാരുടെ കൊവിഡ് പരിശോധന നടത്തുകയും മാഹി മേഖലയിലെ പള്ളികളില്‍ വെള്ളിയാഴ്ച ഡ്യൂട്ടിയില്‍ വരുന്ന പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട് എന്ന് പള്ളി ഭാരവാഹികള്‍ക്ക് കാണിച്ചു കൊണ്ട് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അധികൃധരോട് എസ്ഡിപിഐ ആവശ്യപ്പെട്ടു.

പോലിസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള വിവിധ വിഭാഗങ്ങളില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് പുതിയ രോഗബാധ ഇതുവരെ കണ്ടുപിടിച്ചത് എന്നിരിക്കെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറവണം എന്നും അതോടൊപ്പം ആവശ്യത്തിന് പിപിഇ കിറ്റുകളും ഹാന്‍ഡ് സാനിറ്റേയ്‌സറും സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്നും, പൊതുജനങ്ങളുടെ ജീവന്‍ വെച്ചുകൊണ്ട് തരം താണ രാഷ്ട്രീയം കളിക്കാതെ പുതുച്ചേരി സംസ്ഥാനതിന് ആവശ്യമായ സമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കാന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി തയ്യാറാവണമെന്നും എസ്ഡിപിഐ മാഹി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it