Latest News

ദേശീയ അവാര്‍ഡ് നിറവില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്

ദേശീയ അവാര്‍ഡ് നിറവില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്
X

പെരിന്തല്‍മണ്ണ:ദേശീയ അവാര്‍ഡ് തിളക്കത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്.അക്കാദമി ഓഫ് ഗ്രാസ് റൂട്‌സ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഓഫ് ഇന്ത്യ(ആഗ്രാശ്രീ) രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് നല്‍കുന്ന 2021 വര്‍ഷത്തെ രാജീവ് ഗാന്ധി ദേശീയമികച്ച ബ്ലോക്ക് പഞ്ചായത്ത് അവാഡിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി.

വില്ലേജ്@75,രാഷ്ട്ര നിര്‍മാണത്തിലെ ഗ്രാമങ്ങളുടെ പങ്ക് ,വെല്ലുവിളികള്‍ പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ തിരുപ്പതി ഹോട്ടല്‍ ബ്ലിസ് ദര്‍ബാര്‍ ഹാളില്‍നടന്ന ദ്വിദിന സെമിനാറില്‍ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി വെങ്കമ്മയില്‍ നിന്ന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ കെ മുസ്തഫ അവാര്‍ഡ് ഏറ്റു വാങ്ങി.

നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്റ് പഞ്ചായതീരാജ്(എന്‍ഐആര്‍ഡി പിആര്‍) മുന്‍ ഡയറക്ടര്‍ ഡോ.ഡബ്ല്യൂ ആര്‍ റെഡ്ഡി ഐഎഎസ് ,ഹൈദരാബാദ് പ്രഗ്‌ന ഭാരതി ചെയര്‍മാനും ആന്ധ്ര പ്രദേശ് സംസ്ഥാന ഐടി ഉപദേശകനുമായിട്ടുള്ള പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ.ടി എച്ച് ചൗധരി, പത്മശ്രീ പുരസ്‌കാര ജേതാവും തിരുച്ചിറപ്പള്ളി ഗ്രാമലയാസ്ഥാപകനും ഡയറക്ടറുമായാ എസ് ദാമോദര്‍,കര്‍ണാടക സംസ്ഥാന പഞ്ചായത്തിരാജ് പരിഷത് വൈസ്പ്രസിഡന്റ്വെങ്കട റാവു ഗോര്‍പടെ,ഗോവ മഹിളാ ശക്തി അഭയാന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നെല്ലി ജോസ് റോഡ്രിഗസ്,മഹാരാഷ്ട്ര കോലാഹപൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ പാടീല്‍ സദോലിക്കര്‍,കൊല്ലം വെസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായി.

മുന്‍ ലോകസഭാ സെക്രട്ടറി ജനറല്‍ ഡോ.സുഭാഷ് സി കശ്യപ്പിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.കൊവിഡ് കാലത്ത് കൊവിഡ് രോഗികളുടെ ആവശ്യത്തിനായി ആംബുലന്‍സുകളും മതിയായ വാഹനങ്ങളും ലഭ്യമല്ലാതിരുന്ന കാലയളവില്‍ തുടക്കത്തില്‍ 17 ബ്ലോക്ക് ഡിവിഷനുകളിലും പിന്നീട് അത്യാവശ്യമുള്ളിടങ്ങളിലും തനത് ഫണ്ട് ഉപയോഗിച്ചു മാസങ്ങളോളം വാഹന സൗകര്യം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തിയും,ഇതേ കാലയളവില്‍ കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ സഹായിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍,വനിതകള്‍ക്ക് കൊവിഡ് കാലത്ത് സ്വന്തം വീടുകളില്‍ ഇരുന്ന് ചെറു സമ്പാദ്യ രൂപീകരണത്തിനുള്ള പിപിഇ കിറ്റ് നിര്‍മാണം,ഓപ്പറേഷന്‍ തിയേറ്റര്‍ ഗൗണ് നിര്‍മാണം,പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങിയ ആശയങ്ങള്‍ കൊണ്ട് വന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള കൊവിഡ് കാലത്തെ പ്രത്യേക പരിപാടിയായി പരിഗണിച്ചിട്ടുണ്ട്.

എസ്‌സിഎസ്ടി ഉള്‍പ്പടെ പൊതു വിഭാഗത്തില്‍ ലഭ്യമായ ഫണ്ട് സമയ ബന്ധിതമായും കാര്യ ക്ഷമമായും ഉപയോഗപ്പെടുത്തല്‍,ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ,യുവ കലാകാരന്‍മാര്‍ക്ക് പരിശീലകര്‍ എന്ന നിലക്ക് അവസരം നല്‍കി വിവിധ പരിശീലന പരിപാടികളില്‍ കൂടുതല്‍ പഠിതാക്കളെ ഉള്‍പ്പെടുത്താനുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ പ്രത്യേക മുന്നേറ്റം എന്നിവ അവാര്‍ഡിന് പരിഗണിക്കുവാന്‍ അവലംബമായെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ കെ മുസ്തഫ പറഞ്ഞു.

ഹൈദരാബാദ് സെന്റര്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് സീനിയര്‍ കണ്‍സല്‍ട്ടന്റ് പ്രൊ.എം ഗോപിനാഥ് റെഡ്ഡി,തിരുപ്പതി ആഗ്രാശ്രീ സ്ഥാപകന്‍ ഡോ.എസ് സുന്ദര്‍ ദാസ്, ആഗ്രാശ്രീ സഹസ്ഥാപക ഡി ഭാരതി സുന്ദര്‍,ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്മാസ് മേധാവി സി എസ് റെഡ്ഡി,കെഎസ്ആര്‍ടിപിആര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ എന്‍ ശിവണ്ണ,എസ്.പി മഹിളാ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കിരണ്‍ പ്രസാദ്,എസ്.കെ യൂനിവേഴ്‌സിറ്റി ഗ്രാമ വികസന വിഭാഗം പ്രൊഫസര്‍ ജി സുന്ദര്‍ എന്നിവര്‍ വിവിധ ടെക്‌നിക്കല്‍സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച്വിവിധ സെഷനുകളില്‍ ബി.ഡി. ഒ കെ.പാര്‍വതി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത്,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ അയമു എന്ന മാനു,അസീസ് പട്ടിക്കാട്,ബ്ലോക്ക് മെമ്പര്‍മാരായ ദിലീപ്,മുഹമ്മദ് നയീം,വിന്‍സി ജൂഡിയത്,കെ ഗിരിജ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it