Latest News

വികാസ് ദുബെയുടേത് വ്യാജ ഏറ്റുമുട്ടല്‍ കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ ഹരജി

വികാസ് ദുബെയുടേത് വ്യാജ ഏറ്റുമുട്ടല്‍ കൊല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ ഹരജി
X

പ്രയാഗ്‌രാജ്: കൊടുംകുറ്റവാളിയായ വികാസ് ദുബെയെ വെടിവച്ചുകൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഏറ്റുമുട്ടല്‍ കൊലയില്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എസ്പി നേതാവ് അഭിഷേക് സോം ഹൈക്കോടതിയെ സമീപിച്ചത്.

ദുബെയെ വെടിവച്ചുകൊന്ന പോലിസുകാര്‍ക്കെതിരേ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കേസ് ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് ആവശ്യം. ഏതെങ്കിലും ഏജന്‍സി അല്ലെങ്കില്‍ സിബിഐ ആണ് ഹരജിക്കാന്‍ നിര്‍ദേശിച്ചത്.

ദുബെയുടെ മരണം ഒരു വ്യാജഏറ്റുമുട്ടലാണെന്നും അത് നടന്ന രീതി സംശയം ജനിപ്പിക്കുന്നതാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടിയ പോലുള്ള രക്തം ഉറയുന്ന കൊലപാതകമാണെന്നും ഹരജിയില്‍ പറയുന്നു. പോലിസ് മുന്നോട്ടുവച്ചത് തെറ്റായതും കെട്ടിച്ചമച്ചതുമായ കഥയാണെന്നും ആരോപിക്കുന്നു. നേരത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയും തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. സുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം.

എട്ട് പോലിസുകാരെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെയെ രണ്ട് ദിവസം മുമ്പാണ് യുപി പോലിസ് വെടിവച്ചുകൊന്നത്. പോലിസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

ദുബെയുമായി പോയ വാഹനം കാണ്‍പൂരിന് സമീപം അപകടത്തില്‍ പെട്ടിരുന്നുവത്രെ. അവിടെനിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവയ്പ് നടന്നെന്നും പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെയും നേരത്തെ ഇതുപോലെ പോലിസ് വകവരുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലിസുകാരായിരുന്നു കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it