India

'ബാബരി മസ്ജിദല്ല' , ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം; എന്‍സിഇആര്‍ടി സിലബസില്‍ തിരുത്ത്

ബാബരി മസ്ജിദല്ല , ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം; എന്‍സിഇആര്‍ടി സിലബസില്‍ തിരുത്ത്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ പേരില്ലാതെ എന്‍സിഇആര്‍ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകം. ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തില്‍ കൊടുത്തിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു എന്‍സിഇആര്‍ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്.

നേരത്തെ ബാബരി മസ്ജിദ് പരമാര്‍ശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബരിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബരി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍, ഇതിനെ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മ്മിച്ച മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്നാണ് പരിചയപ്പെടുത്തുന്നത്.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യ വരെയുള്ള ബിജെപി രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.






Next Story

RELATED STORIES

Share it