India

ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി; കീഴടങ്ങിയിട്ട് പതിനഞ്ചു ദിവസം മാത്രം

ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍ അനുവദിച്ച് ഗുജറാത്ത് ഹൈക്കോടതി; കീഴടങ്ങിയിട്ട് പതിനഞ്ചു ദിവസം മാത്രം
X

അഹ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍. സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളിലാണ് ദഹോഡിലെ രണ്‍ധിക്പൂര്‍ സ്വദേശി പ്രതീപ് മോധിയയ്ക്ക് ഗുജറാത്ത് ഹൈക്കോടതി പരോള്‍ അനുവദിച്ചിരിക്കുന്നത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്കാണ് പരോള്‍. ജയിലില്‍ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയതും കോടതി നിര്‍ദേശം അനുസരിച്ച് സമയത്ത് ജയിലില്‍ തിരികെയെത്തിയതും പരോള്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആര്‍ മെന്‍ഗ്‌ദേയാണ് ഇയാളുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോധിയ ആവശ്യപ്പെട്ടിരുന്നത്.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ജനുവരി 21ന് അര്‍ധരാത്രിയാണ് ബില്‍ക്കീസ് ബാനു പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി. 1992ലെ ജയില്‍ ശിക്ഷയില്‍ ഇളവു കൊടുക്കല്‍ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ബില്‍ക്കീസ് ബാനു കേസില്‍ 2008 ജനുവരി മുതല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോധിയ 1041 ദിവസം പരോളിലായിരുന്നു എന്ന് നേരത്തെ സുപ്രീംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. 223 ദിവസം മറ്റു അവധികളും ഇയാള്‍ക്ക് അനുവദിക്കപ്പെട്ടിരുന്നു.

2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികള്‍ ബില്‍ക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു 21കാരിയായ ബില്‍ക്കീസ്. മൂന്നര വയസ്സായ മകള്‍ സലീഹയെയും പ്രതികള്‍ കൊല്ലപ്പെടുത്തിയിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേശ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് കേസിലെ പ്രതികള്‍. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.





Next Story

RELATED STORIES

Share it