India

അധ്യാപകനെതിരായ സമരം; ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിരോധനാജ്ഞ

വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും പ്രാദേശിക വിവേചനം കാണിക്കുകയും ചെയ്ത അപ്ലൈഡ് ആര്‍ട്‌സ് വിഭാഗം മേധാവി ഹഫീസ് അഹമദിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

അധ്യാപകനെതിരായ സമരം; ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിരോധനാജ്ഞ
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ അധ്യാപകനെതിരായ വിദ്യാര്‍ഥി സമരം 13ാം ദിവസത്തിലേക്ക്. വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും പ്രാദേശിക വിവേചനം കാണിക്കുകയും ചെയ്ത അപ്ലൈഡ് ആര്‍ട്‌സ് വിഭാഗം മേധാവി ഹഫീസ് അഹമദിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സമരത്തെ നേരിടാന്‍ കാംപസിനകത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഇതു പ്രകാരം അഞ്ചോ അധിലധികമോ പേര്‍ കൂടി നില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതേ സമയം, ബാരിക്കേഡുകളെയും നിയന്ത്രണങ്ങളെയും അവഗണിച്ച് വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്.

അപ്ലൈഡ് ആര്‍ട്‌സില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതിനെതിരേ ജനുവരി 31ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധമാണ് സംഭവങ്ങളുടെ തുടക്കമെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യമറിഞ്ഞ വകുപ്പ് മേധാവി വിദ്യാര്‍ഥികളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തതായാണ് ആരോപണം. ഇതിനെ വകവയ്ക്കാതെ വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നു.

ഫെബ്രുവരി 7ന് സമരം ശക്തമാകുന്നതിനിടെ പ്രതിഷേധക്കാരായ വിദ്യാര്‍ഥിനികളെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹഫീസ് അഹ്മദിന്റെ പക്ഷക്കാരായ വിദ്യാര്‍ഥികളാണ് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതെന്നും അവരിലൊരാള്‍ പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കോളജ് അധികൃതര്‍ ഇടപെട്ട് തടയുകയായിരുന്നു.

ഫെബ്രുവരി 8ന് അഹ്മദിനെ അധികൃതര്‍ അവധിയില്‍ പറഞ്ഞയച്ചു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അപ്ലൈഡ് ആര്‍ട്‌സ് വിഭാഗത്തിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വിഷയത്തെക്കുറിച്ച് പഠിക്കുന്നതിന് ആറ് വ്യത്യസ്ത ഡിപാര്‍ട്ട്‌മെന്റുകളിലെ ഡീന്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ഈ കമ്മിറ്റിയില്‍ വിദ്യാര്‍ഥി പ്രതിനിധികളെയോ പുറത്തുനിന്നുള്ളവരെയോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അഹ്മദിന്റെ സസ്‌പെന്‍ഷന്‍ പോരെന്നും കോളജില്‍ നിന് പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജാമിഅ വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് കാംപസിലെത്തി സമരത്തില്‍ പങ്കാളിയായി. പുറത്തു നിന്നുള്ള നിക്ഷിപ്ത താല്‍പര്യക്കാരാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രസ്താവന അവര്‍ അഹ്മദിനോടൊപ്പമാണെന്ന് തെളിയിക്കുന്നതായി സമരക്കാര്‍ പറയുന്നു.

ലൈംഗിക പീഡനം, പ്രാദേശിക വിവേചനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഹഫീസ് അഹമദിനെതിരേ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ കമ്മിറ്റി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കും. അതേ സമയം, അതീവ സുരക്ഷയ്ക്കിടെ പ്രതിഷേധക്കാര്‍ വൈസ് ചാന്‍സലറുടെ ഓഫിസ് ഘെരാവോ ചെയ്തു.

Next Story

RELATED STORIES

Share it