Kerala

കൊവിഡ്:ഓണക്കാലത്ത് എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങള്‍; ഓണസദ്യ വീടുകളില്‍ മാത്രം

ഓണത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല.അത്തച്ചമയം പോലുള്ള ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നു വരികയാണ്.ആലുവ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ വ്യാഴാഴ്ച തുറക്കും. കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോതമംഗലം മാര്‍ക്കറ്റ് അടയ്ക്കും

കൊവിഡ്:ഓണക്കാലത്ത് എറണാകുളത്ത് കര്‍ശന നിയന്ത്രണങ്ങള്‍; ഓണസദ്യ വീടുകളില്‍ മാത്രം
X

കൊച്ചി: കൊവിഡ് വ്യാപനം വര്‍ധിക്കാതിരിക്കാന്‍ ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല തല കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. സംസ്ഥാന തല നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരമാവധി ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ കടകളില്‍ കച്ചവടം പാടുള്ളു. പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഓണക്കാലത്ത് ജില്ലയില്‍ കൂടുതലായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ എത്തുമെന്നതിനാല്‍ സംസ്ഥാന തല പഠനത്തിന് ശേഷം കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കും.

ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുമെന്നതിനാല്‍ വിമാനത്താവളം ഉള്‍പ്പടെയുള്ള ഉള്ള സ്ഥലങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഓണസദ്യ വീടുകളില്‍ മാത്രമേ അനുവദിക്കൂ. അത്തച്ചമയം പോലുള്ള ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഓണത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല. ഓണക്കാലത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും.ഹോട്ടലുകളിലും റെസ്റ്റോറന്റ്കളിലും സാമൂഹിക അകലം പാലിച്ചു കൊണ്ട് ആളുകള്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ ഉള്ള അനുവാദം നല്‍കി. മാസങ്ങളായി അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും ഹോം സ്റ്റേകളും കര്‍ശന നിയന്ത്രങ്ങള്‍ പാലിച്ചു കൊണ്ട് തുറക്കാന്‍ അനുവാദം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും.

എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഇടക്കിടെ അണുനശീകരണം നടത്തണം. ജില്ലയിലെ ക്ലസ്റ്ററുകള്‍ ആയ ആലുവ, കീഴ്മാട് പ്രദേശങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ചെല്ലാനം മേഖലയില്‍ കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി, നെല്ലിക്കുഴി മേഖലകളില്‍ രോഗ വ്യാപനം തുടരുകയാണ്. ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലെ രോഗ വ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പും പോലിസുമായി പ്രത്യേക ചര്‍ച്ച നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ആയവന, തുറവൂര്‍, കോതമംഗലം മേഖലകളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. നെല്ലിക്കുഴി മേഖലയില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോതമംഗലം മാര്‍ക്കറ്റ് അടയ്ക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായി.

പ്രദേശത്തു കൂടുതല്‍ പരിശോധനകള്‍ നടത്തും. കോതമംഗലത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരികളില്‍ സെന്റിനല്‍ സര്‍വെയ്ലന്‍സിന്റെ ഭാഗമായി പരിശോധന നടത്തും. വ്യാപാരി പ്രതിനിധികളും ജനപ്രതിനിധികളും പോലിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച മാര്‍ക്കറ്റ് തുറക്കും. നാളെ മാര്‍ക്കറ്റില്‍ അണു നശീകരണം നടത്തും. മൊത്ത വ്യാപാരം ആയിരിക്കും ആദ്യ ദിവസങ്ങളില്‍ അനുവദിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ മാര്‍ക്കറ്റിലെ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കും.

നിലവില്‍ ജില്ലയില്‍ ശരാശരി 5000ഓളം പരിശോധനകള്‍ ആണ് ദിവസേന നടത്തുന്നത്. സര്‍ക്കാര്‍ ലാബുകളില്‍ 600-700 വരെ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ലാബിലെ പുതിയ ആര്‍ ടി പി സി ആര്‍ ഉപകരണത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. നിലവില്‍ 50 സാമ്പിളുകള്‍ പുതിയ ഉപകരണത്തില്‍ പരിശോധിക്കുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലസ്റ്ററുകളിലും ആയി ശരാശരി 900 ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമായി 3,500സാന്പിളുകളുടെ പരിശോധന നടത്തുന്നുണ്ട്. ജില്ലയില്‍ മല്‍സ്യ തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റിന്റെ വിതരണം നടന്നു വരികയാണ്. ഓണകിറ്റുകളുടെ വിതരണവും പുരോഗമിക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, ഡി എം ഒ ഡോ. എന്‍ കെ കുട്ടപ്പന്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it