Kerala

350 ഉദ്യോഗാര്‍ഥികളുടെ ജോലി എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി

350 ഉദ്യോഗാര്‍ഥികളുടെ ജോലി എല്‍ഡിഎഫ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക് ജോലി കിട്ടുമായിരുന്നെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതുഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്. നൂറുകണക്കിനു ജോലികള്‍ നഷ്ടപ്പെട്ടു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ ഷാഫി പറമ്പില്‍ എംഎല്‍എയും കെഎസ് ശബരിനാഥ് എംഎല്‍എയും സത്യഗ്രഹം നടത്തുന്ന സമരപന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കാലാവധി കഴിഞ്ഞ 133 പിഎസ്‌സി ലിസ്റ്റും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും ഉമ്മന്‍ചാണ്ടി പുറത്തുവിട്ടു.

ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നുകൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്. യുഡിഎഫ് 7 പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസ്സിലാക്കിയാണ് ഇങ്ങനെ ചെയ്തത്. പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അത് റദ്ദാക്കും.

സമരത്തിലുള്ള പിഎസ്‌സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലിസ് ഓഫിസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് മൂന്നുമാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരുവര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക താരങ്ങളുടെയും പ്രശ്‌നം പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it