Kerala

എയ്ഡഡ് മേഖലയില്‍ എസ് സി, എസ് ടി സംവരണ അട്ടിമറി; ലഭിക്കേണ്ടത് 20,000 ഉദ്യോഗം, ലഭിച്ചത് 586 പേര്‍ക്ക്

ശമ്പള പരിഷ്‌കാര കമ്മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്.

എയ്ഡഡ് മേഖലയില്‍ എസ് സി, എസ് ടി സംവരണ അട്ടിമറി; ലഭിക്കേണ്ടത് 20,000 ഉദ്യോഗം, ലഭിച്ചത് 586 പേര്‍ക്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി/വര്‍ഗ വിഭാഗക്കാരുടെ പ്രാതിനിധ്യം നാമമാത്രമെന്ന് റിപ്പോര്‍ട്ട്. ശമ്പള പരിഷ്‌കാര കമ്മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയോളം ആണ്. എന്നാൽ ഈ മേഖലയില്‍ സംവരണം അട്ടിമറിക്കപ്പെടുന്നതിനാല്‍ അര്‍ഹിക്കുന്നവര്‍ക്കല്ല സര്‍ക്കാര്‍ പണം ലഭിക്കുന്നത്.

സംസ്ഥാനത്ത് ഏകദേശം 52 സര്‍ക്കാര്‍ കോളജുകളും 180 എയ്ഡഡ് കോളജുകളും ആണുള്ളത്. സര്‍ക്കാര്‍ കോളജുകളില്‍ 12% പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഉണ്ട്. അതേ സമയം 8233 എയ്ഡഡ് കോളജ് അധ്യാപകരില്‍ അകെ മൊത്തം 49 പേര്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരായിട്ടുള്ളൂ. 3725 അനധ്യാപകരില്‍ 16 മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. അങ്ങനെ ആകെ മൊത്തം 11,958 പേരില്‍ 65 പേര്‍ മാത്രമേ ഈ പാര്‍ശ്വവത്കൃത വിഭാഗങ്ങളില്‍ നിന്നും എയ്ഡഡ് മേഖലയില്‍ നിയമിതരായിരുള്ളൂ. അതായതു 0.54% മാത്രം. സംസ്ഥാനത്ത് നിലവില്‍ ഡിപിഐയുടെ കീഴില്‍ 7000 ലേറെ എയ്ഡഡ് സ്‌കൂളുകളുണ്ട്. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി (2016-2019)യുടെ ഒന്നാമത് റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം പട്ടികവര്‍ഗ വിഭാഗക്കാരായ 75 അധ്യാപകര്‍ മാത്രമാണ് എയ്ഡഡ് സ്‌കൂളുകളിലുള്ളത്.

കോളജുകള്‍, എന്‍ജിനീയറിംഗ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, വി എച്ച് എസ് സി, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍, എല്‍പി സ്‌കൂള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളില്‍ ആയി 1,54,360 അധ്യാപക അനധ്യാപകരുണ്ട്. ഇതില്‍ ആകെ 586 പേര്‍ മാത്രമാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളത്. മൊത്തം ലഭ്യമായ നിയമനങ്ങളില്‍ 0.37 % മാത്രമാണ് ഇവരുടെ പ്രാതിനിധ്യം. മൊത്തത്തിലെടുത്താല്‍ എയ്ഡഡ് മേഖലയില്‍ ഇന്ന് രണ്ട് ലക്ഷം ജീവനക്കാരുണ്ട്. അതില്‍ 586 പേര്‍ (0.29 %) മാത്രമാണ് എസ് സി, എസ് ടി പ്രാതിനിധ്യം. ഭരണഘടനാനുസൃത സംവരണപ്രകാരം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 20,000 ഉദ്യോഗങ്ങള്‍ ലഭ്യമാകേണ്ടതാണ്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്പെഷല്‍ റൂളുകള്‍ ഭേദഗതി ചെയ്ത് പി.എസ്.സിക്ക് നിയമനം വിടാത്തതിനാല്‍ ഇവിടങ്ങളിലും പട്ടികജാതി/വര്‍ഗ സംവരണം അട്ടിമറിക്കപ്പെടുകയാണ്. സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ 10 ശതമാനം സംവരണം പട്ടികജാതി/വര്‍ഗക്കാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. സ്പെഷല്‍ റിക്രൂട്ട്മെന്റ് പദ്ധതിയനുസരിച്ച് ഓരോ വര്‍ഷവും വകുപ്പുകളില്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള റവന്യൂ കമ്മിറ്റി യോഗം ചേര്‍ന്നു സംവരണം വിലയിരുത്താറുണ്ട്. അതേസമയം, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും കോര്‍പ്പറേഷനുകളിലും ഇത്തരം സംവിധാനമില്ലാത്തതുമൂലം സംവരണം അട്ടിമറിക്കപ്പെടുകയാണെന്നു പട്ടികജാതി/വര്‍ഗ സംഘടനകള്‍ ആരോപിക്കുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം പുലര്‍ത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it