Football

സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കരാര്‍ നീട്ടിയത് 2025 വരെ

കണ്ണൂര്‍ സ്വദേശിയായ 23 കാരന്‍ സഹല്‍ യുഎഇയിലെ അല്‍-ഐനിലാണ് ജനിച്ചത്.എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂനിവേഴ്‌സിറ്റി തലത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തുടര്‍ന്നു. പിന്നീട് അണ്ടര്‍ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ കഴിവ് കണ്ടെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.2018-19 ഐഎസ്എല്‍ സീസണ്‍ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായി

സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കരാര്‍ നീട്ടിയത് 2025 വരെ
X

കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ മുന്‍ നിരക്കാരനായ സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. 2025വരെയാണ് ഈ മിഡ്ഫീല്‍ഡര്‍ കരാര്‍ ദീര്‍ഘിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 23 കാരന്‍ സഹല്‍ യുഎഇയിലെ അല്‍-ഐനിലാണ് ജനിച്ചത്.എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂനിവേഴ്‌സിറ്റി തലത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നത് തുടര്‍ന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മൈതാനത്തെ സര്‍ഗ്ഗാത്മകതയും കഴിവും കണ്ടെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.

തന്റെ ആദ്യത്തെ പ്രഫഷണല്‍ കരാര്‍ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനില്‍ റിസര്‍വ് ടീമിനായി കളിച്ച അദ്ദേഹം സീനിയര്‍ ടീമിനായി ബെഞ്ചില്‍ നിന്ന് കുറച്ച് മല്‍സരങ്ങള്‍ കളിച്ചു. 2018-19 ഐഎസ്എല്‍ സീസണ്‍ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിന്‍ എഫ്സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോള്‍ നേടിയ സഹല്‍, ഇതുകൂടാതെ 37ഐ എസ് എല്‍ മല്‍സരങ്ങളില്‍ നിന്നായി രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്എല്‍ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍, എ ഐ എഫ് എഫ് എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍ എന്നിവ നേടി സഹല്‍ ആരാധകരുടെ പ്രിയങ്കരനായി മാറി.സഹലിന്റെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാര്‍ച്ചില്‍ ദേശീയ അണ്ടര്‍ 23 ടീമിനൊപ്പം ചേര്‍ന്ന സഹല്‍, അതേ വര്‍ഷം ജൂണില്‍ കുറകാവോയ്ക്കെതിരായ കിംഗ്‌സ് കപ്പ് മത്സരത്തില്‍ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

ആരാധകര്‍ ആവേശത്തോടെ ഇന്ത്യന്‍ ഓസില്‍ എന്ന് വിളിക്കുന്ന സഹല്‍ രാജ്യാന്തര തലത്തില്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളാണ്.കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ അഭിനിവേശവും പ്രതിബദ്ധതയുമാണ് ഫുട്‌ബോള്‍ എന്ന് സഹല്‍ പറഞ്ഞു.തന്റെ പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം മുതല്‍, കെബിഎഫ്സിയുടെ ജേഴ്‌സിയണിഞ്ഞ് ആവേശഭരിതരായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ശരിക്കും ആസ്വദിച്ചു. വരും വര്‍ഷങ്ങളില്‍ ക്ലബിനും തനിക്കും വേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ നാട്, എന്റെ ആളുകള്‍, എന്റെ വീട്. ഞാന്‍ ഇവിടെതന്നെ തുടരുംമെന്നും സഹല്‍ പറഞ്ഞു.

ക്ലബ്ബിനൊപ്പം സഹല്‍ തുടരുന്നത് കേരളത്തിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.ഒപ്പം വലിയ ഉത്തരവാദിത്തവും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് അദ്ദേഹത്തെ ക്ലബിന്റെ ഭാഗമാക്കുന്നതിലൂടെ ആരാധകര്‍ക്ക് വരാനിരിക്കുന്ന സീസണുകളില്‍ പ്രിയപ്പെട്ട കളിക്കാരന്റെ കളി ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു

Next Story

RELATED STORIES

Share it