Sub Lead

യുപിയില്‍ മോക് ഡ്രില്ലെന്ന പേരില്‍ ഓക്‌സിജന്‍ കട്ട് ചെയ്തു; 22 രോഗികള്‍ക്ക് ദാരണാന്ത്യം, ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്, വിവാദം

ഏപ്രില്‍ 26, 27 തീയതികളില്‍ ആശുപത്രിയില്‍ ഏഴു പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങും പ്രസ്താവനയില്‍ അറിയിച്ചു. വിഡിയോയില്‍ പറയുന്നതുപോല ഓക്‌സിജന്‍ ക്ഷാമം മൂലം ആരും അന്ന് മരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

യുപിയില്‍ മോക് ഡ്രില്ലെന്ന പേരില്‍ ഓക്‌സിജന്‍ കട്ട് ചെയ്തു; 22 രോഗികള്‍ക്ക് ദാരണാന്ത്യം, ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്ത്, വിവാദം
X

ലക്‌നൗ: ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ 'ഓക്‌സിജന്‍ മോക് ഡ്രില്ലി'നിടെ 22 പേര്‍ക്ക് ദാരുണാന്ത്യം. ഇതു സംബന്ധിച്ചുള്ള ആശുപത്രി ഉടമയുടെ ഓഡിയോ സംഭാഷണം പുറത്തായതോടെ അധികൃതര്‍ അന്വഷണത്തിന് ഉത്തരവിട്ടു.ഏപ്രില്‍ 26ന് അഞ്ചു മിനിറ്റ് നേരത്തേക്ക് നടന്ന മോക് ഡ്രില്ലില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നായിരുന്നു ഓഡിയോ സന്ദേശത്തിലെ വെളിപ്പെടുത്തല്‍. ആഗ്ര ജില്ലാ ഭരണകൂടമാണ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊവിഡ്, കൊവിഡ് ഇതര വാര്‍ഡുകളില്‍ ആരൊക്കെ അതിജീവിക്കുമെന്ന് അറിയാനുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് ഓക്‌സിജന്‍ വിതരണം കട്ട് ചെയ്തതെന്നാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തിലുള്ളത്. 'തങ്ങള്‍ ഓക്‌സിജന്‍ അപര്യാപതത നേരിടുന്നതിനിടെ ഒന്നിലധികം അഭ്യര്‍ഥനകള്‍ നല്‍കിയിട്ടും ആളുകള്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കൂട്ടാക്കാത്തതിനെതുടര്‍ന്ന് ഒരു പരീക്ഷണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു. ആരുടെയൊക്കെ ഓക്‌സിജന്‍ വിതരണം കുറച്ചുസമയത്തേക്ക് നിര്‍ത്തിവയ്ക്കാനാകുമെന്ന് പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അതിലൂടെ ആരൊക്കെ മരിക്കും ആരൊക്കെ ജീവിച്ചിരിക്കുമെന്ന് മനസ്സിലാക്കാനാകും. രാവിലെ ഏഴിനാണ് മോക് ഡ്രില്‍ ആരംഭിച്ചത്. ആര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. 22 രോഗികള്‍ പെട്ടെന്ന് ജീവശ്വാസത്തിനായി ബുദ്ധിമുട്ടുകയും അവരുടെ ശരീരം നീല നിറമായി മാറുകയും ചെയ്തു. അവര്‍ ജീവിച്ചിരിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. തീവ്രപരിചരണ വിഭാഗത്തിലുള്ള 74 രോഗികളുടെ ബന്ധുക്കളോട് അവര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.' ഏപ്രില്‍ 28ന് പുറത്തുവന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍ ആശുപത്രി ഉടമയായ ഡോ. അരിഞ്ജയ് ജെയിന്‍ പറയുന്നു.

എന്നാല്‍, പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തന്റെ ചെയ്തിയെ ന്യായീകരിക്കുകയാണ് ചെയ്തത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്തി മികച്ച പരിചരണം നല്‍കാനാണ് മോക് ഡ്രില്ല് നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഏപ്രില്‍ 26ന് നാലും 27ന് മൂന്നും കൊവിഡ് രോഗികളാണ് മരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓക്‌സിജന്‍ അപര്യാപ്തത മൂലം ആശുപത്രിയില്‍ 22 രോഗികള്‍ മരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൃത്യമായ കണക്കില്ലെന്നാണ് ജെയിന്‍ പറഞ്ഞത്.

അതേസമയം, ഏപ്രില്‍ 26, 27 തീയതികളില്‍ ആശുപത്രിയില്‍ ഏഴു പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിങും പ്രസ്താവനയില്‍ അറിയിച്ചു. വിഡിയോയില്‍ പറയുന്നതുപോല ഓക്‌സിജന്‍ ക്ഷാമം മൂലം ആരും അന്ന് മരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നു. ബിജെപി ഭരണത്തില്‍ ഓക്‌സിജന്‍ ക്ഷാമവും മനുഷത്വ ക്ഷാമവും നേരിടുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Next Story

RELATED STORIES

Share it