Sub Lead

എന്‍ഡിഎയോ ഇന്‍ഡ്യയോ...?; ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് എഎപിയും മുന്നേറുന്നു

എന്‍ഡിഎയോ ഇന്‍ഡ്യയോ...?; ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് എഎപിയും മുന്നേറുന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിതരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് മുന്നേറുന്നത്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ പഞ്ചാബിലാണ് എഎപി മുന്നിലുള്ളത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കാണ് ജൂലൈ 10ന് വോട്ടെടുപ്പ് നടന്നത്.


ബിഹാര്‍, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒരു സീറ്റിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലും ഹിമാചല്‍ പ്രദേശിലെ മൂന്ന് സീറ്റുകളിലും ഉത്തരാഖണ്ഡിലെ നാല് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല, ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ, ഹാമിര്‍പൂര്‍, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്‌ളൗര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര എന്നിവയാണ് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍. മിക്ക സീറ്റുകളിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കൂടാതെ ടിഎംസിയും ഡിഎംകെയും മല്‍സരരംഗത്തുണ്ട്.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസാണ് നിലവില്‍ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 2021ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മാണിക്തല സീറ്റ് നേടിയപ്പോള്‍ ബിജെപി റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ എന്നിവിടങ്ങളില്‍ വിജയിച്ചു. പിന്നീട് ബിജെപി എംഎല്‍എമാര്‍ തൃണമൂലിലേക്ക് മാറിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവരാണ് ജനവിധി തേടിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിഎസ്പി എംഎല്‍എ സര്‍വത് കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ മംഗ്ലൗര്‍ മണ്ഡലത്തില്‍ ബിജെപി പിന്നിലാണ്. ഇതുവരെ കോണ്‍ഗ്രസോ ബിഎസ്പിയോ കൈവശം വച്ചിരുന്ന മുസ് ലിം-ദലിത് ആധിപത്യ മണ്ഡലമാണിത്. ബദരീനാഥിലും ബിജെപി പിന്നിലാണ്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി(എഎപി) നേതാവുമായ ഭഗവന്ത് മന്നിന്റെ അഗ്‌നിപരീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ എഎപിയാണ് ലീഡ് ചെയ്യുന്നത്. നേരത്തെ നിരവധി തവണ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് വേണ്ടി സീറ്റ് നേടിയെങ്കിലും ഈയിടെ പാര്‍ട്ടി വിട്ട് ആര്‍ജെഡി ടിക്കറ്റില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സിറ്റിങ് എംഎല്‍എ ബീമാ ഭാരതിയുടെ രാജിയെ തുടര്‍ന്നാണ് ബിഹാറിലെ രൂപൗലിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ജെഡിയു ആണ് മുന്നിലുള്ളത്.

തമിഴ്‌നാട്ടിലെ വിക്രവണ്ടി നിയമസഭാ മണ്ഡലത്തില്‍, ഡിഎംകെ നിയമസഭാംഗം എന്‍ പുകഴേന്തി ഏപ്രില്‍ 6ന് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാനാര്‍ത്ഥി അന്നിയൂര്‍ ശിവം പട്ടാളി മക്കള്‍ കക്ഷി സ്ഥാനാര്‍ഥിയേക്കാള്‍ മുന്നിലാണ്. മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എയായ കമലേഷ് ഷാ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശ് ചിന്ദ്വാര ജില്ലയിലെ അമര്‍വാര നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പട്ടികവര്‍ഗ സംവരണ സീറ്റില്‍ ബിജെപിയുടെ കമലേഷ് ഷായാണ് മുന്നിലുള്ളത്. കേന്ദ്രത്തില്‍ മൂന്നാമതും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത് എന്നതിനാല്‍ എന്‍ഡിഎയ്ക്കും ഇന്‍ഡ്യ സഖ്യത്തിനും ഏറെ നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it