Sub Lead

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന്; സിദ്ധീഖ് കാപ്പനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

കാപ്പനും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുപിയിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ അവകാശവാദം. കേസ് മെയ് ഒന്നിന് പരിഗണിക്കും. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്.

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന്; സിദ്ധീഖ് കാപ്പനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
X

ലഖ്‌നോ: ഹാഥ്‌റസില്‍ സവര്‍ണജാതിക്കാരായ യുവാക്കളുടെ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എതിരെ പ്രത്യേക ദൗത്യ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. സിദ്ദിഖിനെതിരേ നേരത്തെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.

ആറു മാസം തികയാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് 5000 പേജുള്ള പ്രത്യേക ദൗത്യ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.കാപ്പനും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുപിയിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ അവകാശവാദം.

കാപ്പനൊപ്പം അറസ്റ്റിലായ മൂന്നു പേരും പിന്നീട് അറസ്റ്റിലായ നാലും പേരും ഉള്‍പ്പെടെയുള്ള ഏഴു പേര്‍ക്കെതിരേയും സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കേസ് മെയ് ഒന്നിന് പരിഗണിക്കും. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. കുറ്റപത്രത്തിന്റെ ഒരു പകര്‍പ്പ് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് അയ്യായിരത്തോളം പേജുള്ളതാണ്. ഔദ്യോഗികമായി പകര്‍പ്പ് ലഭിച്ചുകഴിഞ്ഞാല്‍ അത് പഠിച്ച് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മധുവന്‍ ദത്ത് ചതുര്‍വേദി മഥുരയിലെ കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് യുപിയിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര പോലിസ് അറസ്റ്റ് ചെയ്തത്. ആറ് മാസമായി ജയിലില്‍ കഴിയുകയാണ് കാപ്പന്‍. ഇതിനിടെ, അസുഖ ബാധിതയായ മാതാവിനെ കാണാന്‍ ഫെബ്രുവരിയില്‍ അഞ്ചു ദിവസത്തേക്ക് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പോലിസ് അറസ്റ്റ് ചെയ്തത്. മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പോലിസ് സിദ്ദിഖിനെതിരേ ചുമത്തിയത്. പിന്നീട് രാജ്യദ്രോഹക്കുറ്റം, യുഎപിഎ, ഐ ടി നിയമലംഘനം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it