Sub Lead

പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ ചാലിസ വായിച്ചു; മഹാരാഷ്ട്രയില്‍ 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു

പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ ചാലിസ വായിച്ചു; മഹാരാഷ്ട്രയില്‍ 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

മുംബൈ:ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ ചാലിസ കേള്‍പ്പിച്ചതിന് 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.പള്ളികളിലെ ഉച്ചഭാഷിണികള്‍ ഊരി മാറ്റിയില്ലെങ്കില്‍, പള്ളിയ്ക്ക് മുന്നില്‍ നിന്ന് ഹനുമാന്‍ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ താക്കീത് നല്‍കിയതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രകോപനം.നിലവില്‍ പ്രദശത്തെ സ്ഥിതി ശാന്തമാണ്.

മഹാരാഷ്ട്രയില്‍ നാസിക്കിലാണ് സംഭവം.രാവിലെ അഞ്ച് മണിയുടെ പ്രാര്‍ഥന സമയത്താണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ വായിച്ചത്.മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയുടെ മുന്നറിയിപ്പ് പരിഗണിച്ച് മഹാരാഷ്ട്രയില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. അക്രമം അഴിച്ചുവിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കാതെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഔറംഗാബാദില്‍ നടത്തിയ റാലിയില്‍ രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. പള്ളികള്‍ക്ക് മുന്നില്‍ ഇരട്ടി ശബ്ദത്തില്‍ ഹനുമാന്‍ കീര്‍ത്തനം കേള്‍പ്പിക്കുമെന്നാണ് വെല്ലുവിളി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തരമന്ത്രി ദിലീപ് പാട്ടീലുമായും ഇന്നലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സംസാരിച്ചിരുന്നു.

സംസ്ഥാനത്ത് പുറത്ത് നിന്നും അക്രമികള്‍ എത്തിയെക്കാമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവധിയിലുള്ള പോലിസുകാരെ ഉള്‍പ്പെടെ തിരികെ വിളിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ഹോംഗാര്‍ഡുമാരെയും സംസ്ഥാന റിസര്‍വ് പോലിസിലെ ഉദ്യോഗസ്ഥരെയും ക്രമസമാധാന ചുമതലയില്‍ അധികമായി വിന്യസിച്ചു. ആരെങ്കിലും പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഉത്തരവിന് കാത്ത് നില്‍ക്കാതെ നടപടിയെടുക്കാനാണ് പോലിസിന് ഡിജിപി നല്‍കിയിട്ടുള്ള നിര്‍ദേശം. ഔറംഗാബാദില്‍ ഞായറാഴ്ച നടത്തിയ റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് രാജ് താക്കറെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മുംബൈ, പൂനെ, താനെ, നവി മുംബൈ, നാസിക്ക് എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it