Big stories

'മാനായി വരുന്ന മരീചൻമാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം'; നിലപാട് വ്യക്തമാക്കി ബ്രിട്ടാസ്

മാനായി വരുന്ന മരീചൻമാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം; നിലപാട് വ്യക്തമാക്കി ബ്രിട്ടാസ്
X

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ ബിജെപി നേതാക്കളെ വിളിച്ചതിൽ അതേ വേദിയിൽ തന്നെ വിമർശനം ഉന്നയിച്ച ജോൺ ബ്രിട്ടാസ് എം പി നിലപാട് വ്യക്തമാക്കി. ബ്രിട്ടസിന് എതിരെ മുജാഹിദ്-സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.

"സംഘപരിവാറിന്റെ വക്താകളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമം നടത്തുന്നു. നിങ്ങളെ ഉൾക്കൊള്ളാൻ അവർ തയ്യാറാകുമോ? ഇല്ലെങ്കിൽ അത് ചോദിക്കേണ്ടതില്ലേ?". അദ്ദേഹം ഫേസ് ബുക്ക്‌ കുറിപ്പിൽ ചോദിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം.

മതനിരപേക്ഷത, മൈത്രി, സഹവർത്തിത്വം തുടങ്ങിയ കാര്യങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണ്. എന്നാൽ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ വിഷവും വിദ്വേഷവും കടത്തിവിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവേ ഞാൻ അടിവരയിട്ടത്. പുതിയ കൺക്കെട്ടുകളുമായി ഇറങ്ങിയവർക്ക് അത് സഹിക്കാൻ കഴിയാത്തതുക്കൊണ്ട് ചിലർ രംഗത്ത് വന്നിരിക്കുകയാണ്.

ഞാൻ സംസാരിച്ചതിന്റെ സാരാംശം ഇതാണ്:

- ജനാധിപത്യം അർത്ഥപൂർണ്ണമാകണമെങ്കിൽ എല്ലാവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്ന് എടുത്താലും ന്യുനപക്ഷ പ്രാതിനിധ്യം തീർത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം.

- സംഘപരിവാറിന്റെ വക്താകളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമം നടത്തുന്നു. നിങ്ങളെ ഉൾക്കൊള്ളാൻ അവർ തയ്യാറാകുമോ? ഇല്ലെങ്കിൽ അത് ചോദിക്കേണ്ടതില്ലേ?

- നിങ്ങളോടു സംവദിക്കാൻ വരുന്ന പരിവാർ നേതാക്കൾ തൊട്ടപ്പുറത്തേക്ക് ഇറങ്ങി മറ്റൊരു ന്യുനപക്ഷത്തിന്റെ വേദികളിൽപ്പോയി എന്താണ് പറയുന്നത്? നിങ്ങളെയും അവരെയും തമ്മിൽത്തല്ലിക്കാനുള്ള ഹീനമായ ശ്രമങ്ങൾ പരസ്യമായല്ലേ അരങ്ങേറുന്നത്?

- അയോദ്ധ്യ കഴിഞ്ഞപ്പോൾ പല മാധ്യമങ്ങളും നിരീക്ഷകരും പറഞ്ഞു, ധ്രുവീകരണനാളുകൾ കഴിഞ്ഞു എന്ന്. അത് അവസാനിക്കുന്നില്ല എന്ന് ഞങ്ങൾ അന്നേ പറഞ്ഞു. അതു ശരിവയ്ക്കുന്നതല്ലേ കാശിക്കും മഥുരക്കും മേൽ ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ?

- RSS ന്റെ തനതായ സംസ്കാരം സംവാദംകൊണ്ടു മാറ്റാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? (എന്റെ തൊട്ടു മുൻപേ സംസാരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷിയെ ഉദ്ദേശിച്ചുള്ള ചോദ്യം. അതുകൊണ്ടാണ് ഇംഗ്ലീഷിൽ അത് ആവർത്തിച്ചത്. ഖുറേഷിയും ഏതാനും മുസ്ലിം ബുദ്ധിജീവികളും RSS മേധാവിയുമായി സംവാദം തുടങ്ങിവച്ചെങ്കിലും അത് എവിടെയും എത്തിയില്ല എന്നുമാത്രമല്ല അന്തരീക്ഷം വഷളാകുകമാത്രമാണ് ചെയ്തത്).

ഈ പറഞ്ഞതൊക്ക പ്രശ്നങ്ങൾ ഉണ്ടാക്കാൻ എന്നാണ് പലരുടെയും കണ്ടെത്തൽ. എന്നാൽ, ഇന്ത്യയുടെ യാഥാർഥ്യങ്ങളാണ് ഇവയൊക്കെ. ഇക്കാര്യങ്ങൾ ഉറക്കെ പറഞ്ഞ് ജാഗ്രതപ്പെടുത്തി മാത്രമേ കേരളത്തിന്റെ മതനിരപേക്ഷതയും മൈത്രിയും സംരക്ഷിക്കാൻ കഴിയൂ. കാതും കണ്ണും തുറന്നു വെച്ച് കൺകെട്ടുക്കാരുടെ വിദ്യകളെ പ്രതിരോധിച്ച് ഏതു തരത്തിലുള്ള വർഗീയതയും ശക്തിയായി തുറന്ന് കാട്ടേണ്ടത് അനിവാര്യമാണ്.

ഇനി സംഘപരിവാർ നേതാക്കൾ പതിവായി ഉയർത്തുന്ന ദേശഭക്തിയുടെയും ദേശീയ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ചില സൂക്തങ്ങൾ കാണാം!!

"ഗോലീ മാറോ സാലൊ കോ" - അവന്മാരുടെ മേൽ വെടിയുണ്ട ഉതിർക്കൂ (പൗരത്വഭേദഗതിനിയമത്തിനെതിരെ സമരം ചെയ്യുന്ന മുസ്ലീങ്ങളെ ഉദ്ദേശിച്ച് ഒരു കേന്ദ്ര മന്ത്രി)

"മര്യാദക്ക് ജീവിച്ചില്ലെങ്കിൽ പാകിസ്താനിൽ പോയിക്കോണം."

"മുഗളന്മാർ ചെയ്ത ക്രൂരതകൾക്ക് എണ്ണിയെണ്ണി കണക്കു ചോദിക്കും."

"അയോധ്യ സൂചന മാത്രം. കാശിയും മഥുരയും ബാക്കി."

"ഇവന്മാർ പെറ്റു പെരുകിക്കൊണ്ടൊരിക്കുന്നു."

"ഗുജറാത്ത് കലാപം പാഠം പഠിപ്പിക്കൽ."

"ബിൽക്കീസ് ബാനു കേസിൽ ശിക്ഷ ഇളവിന് അർഹത നേടിയവർക്ക് സ്വീകരണം ഇനിയും ഞങ്ങൾ നൽകും"

"ഹിന്ദുവീടുകളിൽ കത്തി മൂർച്ച കൂട്ടി വയ്ക്കണം, അവർക്കായി."

അങ്ങനെ നീണ്ടുപോകുന്നു സൂക്തങ്ങളുടെ നീണ്ട പട്ടിക.

ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ മറ്റൊന്ന് കൂടി വന്നിട്ടുണ്ട്...

അയൽ സംസ്ഥാനമായ കർണാടകയിലെ ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ വക..

"റോഡ്, കാന എന്നീ പ്രശ്നങ്ങളല്ല ലൗജിഹാദ് പ്രശ്നങ്ങളിലാണ് പാർട്ടി പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്"

ഇന്ത്യൻ വർത്തമാനം ഇതായിരിക്കേ ഫാസിസ്റ്റ് പ്രവണതകളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്യാതെ മതനിരപേക്ഷ-ജനാധിപത്യചേരിക്കു മുന്നോട്ടുപോകാനാവില്ല. മാനായി വരുന്ന മരീചൻമാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം. എന്റെ വാക്കുകളെ എതിർക്കുന്നവരേ, ഞാൻ ചെയ്തത് ഒരു മതനിരപേക്ഷവിശ്വാസിയുടെ കടമയാണ്. ഒരു ജനാധിപത്യവാദിയുടെ ചുമതലയാണ്.

- ജോൺ ബ്രിട്ടാസ്

Next Story

RELATED STORIES

Share it