Sub Lead

നുഹ് അക്രമം; മുഖ്യ ആസൂത്രകനായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന് ജാമ്യം

നുഹ് അക്രമം; മുഖ്യ ആസൂത്രകനായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന് ജാമ്യം
X

നൂഹ്: ഹരിയാനയിലെ നുഹ് ജില്ലയില്‍ വിഎച്ച്പി റാലിയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ബിട്ടു ബജ്‌റംഗിക്ക് ജാമ്യം. റാലിക്കിടെ ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത ബിട്ടു ബജ്‌റംഗി എന്ന രാജ്കുമാറിനാണ് അറസ്റ്റിലായി 15ാം ദിവസം തന്നെ കോടതി ജാമ്യം നല്‍കിയത്. ബിട്ടുബജ്‌റംഗിയുടെയും സഹപ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങളാണ് നൂഹ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. നുഹിലെ സദര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബിട്ടുവിനെ അറസ്റ്റ് ചെയ്തിരുന്നത്. സംഘര്‍ഷം നടന്ന് 20 ദിവസത്തിന് ശേഷം ഫരീദാബാദിലെ വീടിന് സമീപത്ത് നിന്നാണ് ബിട്ടുവിനെ പോലിസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ച പോലിസ് വേഷം മാറി വീട്ടിലെത്തിയപ്പോള്‍ പോലിസ് സംഘത്തെ തിരിച്ചറിഞ്ഞ് ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും തോക്കുകളും വടികളുമായെത്തിയ 20ഓളം പോലിസുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ കലാപശ്രമം, വധഭീഷണി, പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പശുക്കടത്ത് ആരോപിച്ച് നടത്തിയ ആക്രമണങ്ങളുടെയും മറ്റും പേരില്‍ നൂഹിലും ഗുഡ്ഗാവിലും ഇയാള്‍ക്കെതിരേ കേസുകളുണ്ടായിരുന്നു. നൂഹ് സംഘര്‍ഷത്തില്‍ ആയുധങ്ങളെത്തിച്ചതില്‍ ബിട്ടുവിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു.

ജൂലൈ 31ന് വിഎച്ച്പി യാത്രയ്ക്കിടെ ബിട്ടുവും 20 ഓളം അനുയായികളും വാളും ത്രിശൂലങ്ങളുമായാണ് നള്‍ഹാര്‍ ക്ഷേത്രത്തിലെത്തിയതെന്നാണ് പോലിസ് എഫ് ഐആറില്‍ പറയുന്നത്. പോലിസ് സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്‌തെന്നാണ് എഎസ്പി ഉഷാ കുണ്ടുവിന്റെ പരാതിയില്‍ പറയുന്നത്. പോലിസുകാരെ ആക്രമിച്ച ബിട്ടുവും സംഘവും പോലിസ് വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് ആയുധങ്ങളുമായി രക്ഷപ്പെട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. 45 കാരനായ ബിട്ടിവിനു പുറമെ 20ഓളം പേരാണ് പോലിസിനെ ആക്രമിച്ചിരുന്നത്. പോലിസ് വാഹനത്തിന്റെ ബോണറ്റില്‍ കയറിയിരുന്നാണ് ബിട്ടു ബജ്‌റംഗി തടയാന്‍ ശ്രമിച്ചത്. ഫരീദാബാദിലെ ഗാസിപൂര്‍, ദബുവ മാര്‍ക്കറ്റുകളിലെ പഴംപച്ചക്കറി വ്യാപാരിയായ ബിട്ടു ബജ്‌രംഗി എന്ന രാജ് കുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗോരക്ഷാ ബജ്‌റംഗ് സേന എന്ന പേരില്‍ ഒരു സംഘടനയുടെ ചുമതലക്കാരനാണ്. ഗോ സംരക്ഷകനെന്നു പറഞ്ഞ് കന്നുകാലി കച്ചവടക്കാരെയും മറ്റും ആക്രമിക്കുകയും പോലിസിലേല്‍പ്പിക്കുകയും ചെയ്യുകയാണ് സംഘത്തിന്റെ പ്രധാനപരിപാടി. കഴിഞ്ഞ മാസം മാത്രം ഇയാള്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തിയത് ഉള്‍പ്പെടെ മൂന്നു കേസുകളുണ്ടായിരുന്നു. സ്വയം പ്രഖ്യാപിത പശു സംരക്ഷകനായ ബിട്ടു ബജ്‌രംഗി മുസ് ലിം വിരുദ്ധ വിദ്വേഷത്തിനും പേരുകേട്ടയാളാണ്. നൂഹില്‍ അക്രമം നടന്ന ശേഷവും ഇയാള്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ വീഡിയോയും മറ്റും പുറത്തിറക്കുകയും ചെയ്തിരുന്നു. ജൂലൈ 31ന് വിഎച്ച്പി നടത്തിയ 'ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര'യാണ് അക്രമത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് നുഹില്‍ വന്‍ സംഘര്‍ഷമാണ് പൊട്ടിപ്പുറപ്പെട്ടത്. വാഹനങ്ങള്‍ക്കും മറ്റും തീയിടുകയും ആക്രമിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു പള്ളി ഇമാമും ബജ്‌റങ്ദള്‍ നേതാവും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നുഹ് മുതല്‍ ഗുരുഗ്രാം വരെയുള്ള സ്ഥലങ്ങളിലേക്ക് അതിവേഗമാണ് സംഘര്‍ഷം വ്യാപിച്ചത്. നൂറിലേറെ വാഹനങ്ങളാണ് തീവച്ചുനശിപ്പിച്ചത്. റെസ്‌റ്റോറന്റുകളും മറ്റും കത്തിക്കുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. നുഹിനും ഗുരുഗ്രാമിനും പുറമെ പല്‍വാല്‍, മനേസര്‍, ഫരീദാബാദ്, രേവാരി എന്നിവിടങ്ങളിലും തീവയ്പും അക്രമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു. ഈവര്‍ഷം ഫെബ്രുവരി ആദ്യം ഹരിയാനയിലെ ഭിവാനിയില്‍ പശുക്കടത്ത് ആരോപിച്ച് നസീര്‍, ജുനൈദ് എന്നിവരെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസില്‍ പ്രധാനപ്രതിയായ മോനു മനേസറിനെ നൂഹ് അക്രമത്തില്‍ പോലിസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

Next Story

RELATED STORIES

Share it