Articles

അസമില്‍ ആരാണ് 'മാന്യമായ കുടുംബാസൂത്രണം' നടപ്പാക്കേണ്ടത്...; മുസ് ലിംകളോ മറ്റുള്ളവരോ...?

ജനന നിരക്ക് എന്നത് 'ജനസംഖ്യാ നിയന്ത്രണ'ത്തെക്കാള്‍ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണെന്നും ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നു

അസമില്‍ ആരാണ് മാന്യമായ കുടുംബാസൂത്രണം നടപ്പാക്കേണ്ടത്...; മുസ് ലിംകളോ മറ്റുള്ളവരോ...?
X

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞ ദിവസമാണ് ഒരു പ്രസ്താവനയിറക്കിയത്. സംസ്ഥാനത്തെ 'കുടിയേറ്റ മുസ്‌ലിംകള്‍' 'മാന്യമായ കുടുംബാസൂത്രണ പരിശീലനം' നേടണെന്നായിരുന്നു ആഹ്വാനം. അതായത് മുസ് ലിംകള്‍ പെറ്റുപെരുകുകയാണെന്ന സംഘപരിവാര നുണക്കഥ ഒരു സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പദവിയിലിരുന്ന് വിളമ്പുന്നു. മുന്‍ കോണ്‍ഗ്രസുകാരനും അഞ്ചു വര്‍ഷത്തിലേറെയായി ബിജെപിക്കാരനുമായ ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കു മുന്നില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളെല്ലാം ഉണ്ടാവുമല്ലോ. ഒന്ന് ആജ്ഞാപിച്ചാല്‍ അതെല്ലാം കണ്‍മുന്നിലെത്തും. എന്നിട്ടും 52കാരന്‍ അപരമത വിദ്വേഷം പരത്തുകയാണോ ചെയ്തത്. അതല്ല, വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ മുസ് ലിം ജനനിരക്കാണോ കൂടുതല്‍. അതോ 'മാന്യമായ കുടുംബാസൂത്രണം' പരിശീലിക്കേണ്ടത് മറ്റു മതസ്ഥരാണോ. സര്‍ക്കാരിനു കീഴിലുള്ള കണക്കുകള്‍ തന്നെ സത്യം പറയുമല്ലോ.

കേന്ദ്ര ആരോഗ്യമന്ത്രി ഡിസംബറില്‍ പുറത്തിറക്കിയ 2019-20 ലെ അഞ്ചാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ് 5)യില്‍ ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം ഉണ്ട്. അതായത്, 2005-06 മുതല്‍ അസമിലെ മുസ് ലിംകളിലെ ജനനിരക്ക് കുത്തനെ ഇടിയുകയാണെന്ന്. 14 വര്‍ഷം മുമ്പ് നടത്തിയ എന്‍എഫ്എച്ച്എസ് 3(മൂന്നാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വേ)യിലെ കണക്കും ഏറ്റവും പുതിയ രേഖകളുമാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഫെര്‍ട്ടിലിറ്റി(ജനനിരക്ക്) കുറയുന്നത് മുസ്‌ലിംകളാണെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ ഒരു സ്ത്രീയില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം അല്ലെങ്കില്‍ ആകെ ഫെര്‍ട്ടിലിറ്റി റേറ്റ് (ടിഎഫ്ആര്‍) അസമിലെ മുസ് ലിംകള്‍ക്കിടയില്‍ 2.4 എന്ന നിരക്കിലാണ് കുറഞ്ഞത്. ഹിന്ദുക്കളില്‍ ഇത് 1.6, ക്രിസ്ത്യാനികളില്‍ 1.5 എന്നീ നിരക്കില്‍ ജനനനിരക്ക് കുറഞ്ഞപ്പോഴാണിതെന്നതും ശ്രദ്ധേയമാണ്. അസമിലെ മുസ്‌ലിംകളിലെ ജനനനിരക്ക് 2005-06ല്‍ 3.6 ആയിരുന്നത് 2019-20 ആയപ്പോഴേക്കും 2.4 ആയി കുറഞ്ഞു. അതായത് 1.3 ന്റെ ഇടിവ്. ഇതേ കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ഇടിവ് വെറും 0.4 ആയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത കാലഘട്ടത്തിലെ മതം തിരിച്ചുള്ള ജനന നിരക്ക് പട്ടിക(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

ഇതിനുപുറമെ, മതവിശ്വാസത്തേക്കാള്‍ ജനന നിരക്കിനെ സ്വാധീനിക്കുന്നത് സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളും വികസന നിലവാരവുമാണെന്നും എന്‍എഫ്എച്ച്എസ് 5 രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. അതായത് വിദ്യാഭ്യാസപരമായും സാമൂഹിക-സാംസ്‌കാരിക മേഖലകളിലെയും ഇടപെടലുകളാണ് ഇതിനു കാരണമെന്ന്. മോശം വികസന സൂചികയുള്ള ബീഹാറില്‍, ഹിന്ദുക്കള്‍(2.9) ഉള്‍പ്പെടെയുള്ള എല്ലാ സമുദായങ്ങളുടെയും ജനനിരക്ക് മറ്റ് മിക്ക സംസ്ഥാനങ്ങളിലെ മുസ് ലിംകളിലേതിനേക്കാള്‍ കൂടുതലാണ്. ഉയര്‍ന്ന വികസന സൂചികകളും എന്‍എഫ്എച്ച്എസ് 5 ഡാറ്റ പുറത്തുവിട്ട എട്ട് വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്കുള്ള ജമ്മു കശ്മീരില്‍ മുസ്‌ലിംകളുടെ ജനന നിരക്ക് (1.45) ആണ്. ജമ്മു കശ്മീരിലെ ഹിന്ദുക്കളിലെ ടിഎഫ്ആര്‍ 1.32 ആണ്.

എന്‍എഫ്എച്ച്എസ് 5 ലെ ഒമ്പത് സംസ്ഥാനങ്ങളിലെ ടിഎഫ്ആര്‍ പരിശോധിച്ചാല്‍ മുസ് ലിംകള്‍ കേരളം(2.3), ബീഹാര്‍ (3.6) എന്നിങ്ങനെയാണ് കണക്ക്. വികസന സൂചികകളില്‍ രണ്ടറ്റത്താണ് ഈ സംസ്ഥാനങ്ങളെന്ന് മനസ്സിലാക്കുമല്ലോ. ഇതില്‍ നിന്നു തന്നെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങള്‍ക്കുമപ്പുറം, നിര്‍ദ്ദിഷ്ട സമൂഹത്തിന്റെ വികസനത്തിന്റെ തോത് അവിടുത്തെ ടിഎഫ്ആറില്‍ നിര്‍ണായകമാണെന്ന് കാണിക്കുന്നു. കേരളത്തില്‍ ഉയര്‍ന്ന സാക്ഷരത ഉണ്ടായിരുന്നിട്ടും, മുസ് ലിം സ്ത്രീകളുടെ സാക്ഷരത അത്ര ആശാവഹമല്ല.

അതുപോലെ തന്നെ അസമില്‍ ഏറ്റവും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മതസമൂഹവും മുസ് ലിംകളാണ്. അസം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് നഗരപ്രദേശങ്ങളിലെ സ്ത്രീകളേക്കാള്‍ പ്രസവ-ജനന നിരക്ക് കൂടുതലാണെന്ന് എന്‍എഫ്എച്ച്എസ് 5 സംസ്ഥാനതല റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അസമില്‍ മുസ് ലിംകള്‍ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലുള്ളത്. എന്‍എഫ്എച്ച്എസ് 5 പ്രകാരം 36.6 ശതമാനം പേരും ഗ്രാമീണമേഖലയിലാണ് കഴിയുന്നത്. നഗരപ്രദേശങ്ങളില്‍ മുസ് ലിംകള്‍ ജനസംഖ്യയുടെ വെറും 18.6 ശതമാനം മാത്രമാണ് കഴിയുന്നത്.

താഴ്ന്ന വിദ്യാഭ്യാസ നിലവാരവും ജനന നിരക്കില്‍ സ്വാധീനം ചെലുത്തുന്നു. 2011 ലെ സെന്‍സസ് പ്രകാരം അസമിലെ മുസ് ലിംകളുടെ സാക്ഷരതാ നിലവാരം 62 ശതമാനം ആയിരുന്നു. ഹിന്ദുക്കളില്‍ ഇത് 78 ശതമാനം. 1.7 ശതമാനമാണ് മുസ് ലിംകളില്‍ ബിരുദധാരികളോ അതില്‍ കൂടുതലോ പഠിച്ചവര്‍. ഹിന്ദുക്കളില്‍ ഇത് 5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, അസമീസ് മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചുള്ള വിദ്യാഭ്യാസവും ജനനിരക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദിബ്രുഗഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍, മാതാവിന്റെ വിദ്യാഭ്യാസ നിലവാരം ജനന നിരക്കില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ അസമീസ് മുസ്‌ലിംകളിലെ ജനന നിരക്ക് കുറയ്ക്കാമെന്നും പഠനം വിലയിരുത്തുന്നുണ്ട്.

ഇന്ത്യയെക്കുറിച്ചുള്ള എന്‍എഫ്എച്ച്എസ് 4 റിപോര്‍ട്ട് വിവിധ സംസ്ഥാനങ്ങളിലെ സാമ്പത്തികാവസ്ഥയും ജനന നിരക്കും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും താഴ്ന്ന വരുമാനമുള്ള വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍(3.2) ആണെന്നും ഏറ്റവും സമ്പന്നരില്‍ ഏറ്റവും കുറവ്(1.5) ആണെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജനന നിരക്ക് എന്നത് 'ജനസംഖ്യാ നിയന്ത്രണ'ത്തെക്കാള്‍ സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണെന്നും ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുകയാണ്.

Assam Muslims have recorded sharpest fall in fertility since 2005-06



Next Story

RELATED STORIES

Share it