Latest News

ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം, മോദിയെ ഫാഷിസ്റ്റെന്ന് വിളിക്കാത്ത ഏക നേതാവ് പാണക്കാട് തങ്ങള്‍; ലീഗിനെ വാനോളം പുകഴ്ത്തി ടി ജി മോഹന്‍ദാസ്

ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം, മോദിയെ ഫാഷിസ്റ്റെന്ന് വിളിക്കാത്ത ഏക നേതാവ് പാണക്കാട് തങ്ങള്‍; ലീഗിനെ വാനോളം പുകഴ്ത്തി ടി ജി മോഹന്‍ദാസ്
X

കോഴിക്കോട്: മുസ്‌ലിം ലീഗിനെ വാനോളം പുകഴ്ത്തി ആര്‍എസ്എസ് സൈദ്ധാന്തികനും ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ മുന്‍ തലവനുമായ ടി ജി മോഹന്‍ദാസ്. മുസ്‌ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണെന്നും വാക്കുമാറില്ലെന്നും അവരുമായി ബിജെപി സഖ്യമുണ്ടാക്കണമെന്നും ടി ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലീഗുമായി ബിജെപി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ടി ജി മോഹന്‍ദാസ് പറഞ്ഞത്. തന്റെ വിലയിരുത്തലില്‍ കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ്‌ലിം ലീഗാണ്. അവര്‍ വാക്കുമാറില്ല.

മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പുറകില്‍ നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‌ലിം ലീഗുകാര്‍. ഒരു കമ്മ്യൂണല്‍ പാര്‍ട്ടിയല്ല, ഒരു കമ്മ്യൂണിറ്റി പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‌ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിറച്ച് മുസ്‌ലിംകളുണ്ടാവും. അതവര്‍ മുസ്‌ലിംകളയതുകൊണ്ടല്ല, മുസ്‌ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്മ്യൂണല്‍ എന്നുവിളിക്കരുത്.

ആര്‍എസ്എസ്സുകാരനോ ബിജെപിക്കാരനോ മന്ത്രിയായാല്‍ പേഴ്‌സനല്‍ സ്റ്റാഫ് മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരായതുകൊണ്ടാണ്. ആശ്രിതന്‍മാരാണ്, ഒരുപാട് കഷ്ടപ്പെട്ടവരാണ്. ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബിജെപി മുന്‍കൈയെടുക്കണം. തിരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗിനു കൊടുക്കണം- ടി ജി മോഹന്‍ദാസ് പറയുന്നു. കേരളത്തില്‍ നരേന്ദ്രമോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്.

ശിഹാബ് തങ്ങള്‍ വിളിച്ചിട്ടില്ല, അതിനുശേഷമുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. തന്റെ ഓര്‍മയില്‍ കെ പി എ മജിദോ മറ്റോ ഒരുതവണ വിളിച്ചിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിയോ ഇ ടി മുഹമ്മദ് ബഷീറോ കെ എം മാണിയോ പി ജെ ജോസഫോ പറഞ്ഞിട്ടില്ല. പി സി ജോര്‍ജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നത് മുഴുവന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. ആര്‍എസ്എസ് വര്‍ഗീയമാണ്, മോദി ഫാഷിസ്റ്റാണ് എന്നൊന്നും അനാവശ്യമായി ലീഗ് ഇന്നേവരെ പറയുന്നില്ല.

കേരള രാഷ്ട്രീയത്തില്‍ ബിജെപിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താല്‍ 20ാം സ്ഥാനമൊക്കെയേ ലീഗിനുണ്ടാവൂ'- ടി ജി മോഹന്‍ദാസ് വിശദീകരിച്ചു. കശ്മീരില്‍ ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി. പിഡിപി മുസ്‌ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബിജെപി കോമണ്‍ മിനിമം പ്രോഗ്രാമുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ടി ജി മോഹന്‍ദാസ് ചോദിക്കുന്നു.

Next Story

RELATED STORIES

Share it